'ഓടി കൊണ്ടിരിക്കുന്ന കാറിന് മുന്നില്‍ ചാടുന്ന തെരുവു നായ്ക്കള്‍'; അര്‍ണബിന്റെ റിപ്പബ്ലിക് ചാനലിനെ ട്രോളി ശശി തരൂര്‍
India
'ഓടി കൊണ്ടിരിക്കുന്ന കാറിന് മുന്നില്‍ ചാടുന്ന തെരുവു നായ്ക്കള്‍'; അര്‍ണബിന്റെ റിപ്പബ്ലിക് ചാനലിനെ ട്രോളി ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th August 2017, 12:01 am

ന്യൂദല്‍ഹി: ദേശീയ തലത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലും കോണ്‍ഗ്രസിന്റെ എം.പി ശശി തരൂരും തമ്മിലുള്ള പോര് മുറുകുകയാണ്. തരൂരിനെ വിടാതെ പിന്തുടരുകയാണ് അര്‍ണബിന്റെ മാധ്യമപ്പട. ഇതിനെതിരെ തരൂര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ശശി തരൂരിന് മൗനമായിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.

എന്നാല്‍ പ്രശ്‌നം അവിടെ തീരുന്നില്ല. അര്‍ണാബിന്റെ “റിപ്പബ്ലിക്ക്” ടീമിനെ ട്രോളിയാണ് തരൂര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോടാണ് റിപ്പബ്ലിക്ക് ടിവീ ടീമിനെ ശശി തരൂര്‍ ഉപമിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.  എന്നാലിത് അല്‍പ്പം കടന്നു പോയെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

നേരത്തെ, “തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.” തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞിരുന്നു.


Also Read:   ‘ഇതുവരെ കിട്ടാത്ത ഒരു അവസരം സി.പി.ഐ.എമ്മിന് സ്വര്‍ണ്ണത്തളികളയില്‍ വെച്ച് നീട്ടുകയാണ് ബി.ജെ.പി’; രാഷ്ട്രപതി ഭരണത്തിന് ആര്‍.എസ്.എസ് കോപ്പു കൂട്ടുമ്പോള്‍ സി.പി.ഐ.എം ചെയ്യേണ്ടതെന്തെന്ന് കെ.ജെ. ജേക്കബ്


മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിനുവേണ്ടി ഹാജരായത്. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ “സുനന്ദയുടെ കൊലപാതകം” എന്ന പരാമര്‍ശം ഉപയോഗിക്കുന്നതില്‍ നിന്നും ചാനലിനെ വിലക്കണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടിരുന്നു.

മുതിര്‍ന്ന അഭിഭാഷകനായ സന്ദീപ് സേത്തിയാണ് ഗോസ്വാമിക്കും ചാനലിനും വേണ്ടി ഹാജരായത്. യഥാര്‍ത്ഥ തെളിവുകളും പൊലീസ് റിപ്പോര്‍ട്ടുമാണ് വാര്‍ത്തയില്‍ നല്‍കിയതെന്നാണ് ചാനലിന്റെ വാദം. തരൂരിനെ കൊലയാളിയെന്നു പരാമര്‍ശിച്ചിട്ടില്ലെന്നും സേതി വാദിച്ചു.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി ചാനലിന് വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കേസില്‍ ആഗസ്റ്റ് 16ന് വാദം തുടരും.

ശശി തരൂരിനെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന സമീപനമാണ് അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനല്‍ തുടരുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ വിശ്വസ്ഥന്റേതെന്ന പേരില്‍ ചില ഫോണ്‍ സംഭാഷണങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നു പറഞ്ഞ തരൂര്‍ ഇവ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് തരൂര്‍ മാനനഷ്ടകേസ് കൊടുത്തത്.