പാലക്കാട്: തൃത്താല എം.എല്‍.എ വി. ടി ബല്‍റാമിനെതിരെയും കോണ്‍ഗ്രസില്‍ വിമത നീക്കം. ഡി.സി.സി മുന്‍ അധ്യക്ഷന്‍ സി. വി ബാലചന്ദ്രനെ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നു.
തൃത്താലയില്‍ സി. വി ബാലചന്ദ്രനെ പരിഗണിക്കണമെന്ന് നേതാക്കള്‍ കെ.പി.സി.സിയോട് ആവശ്യപ്പെട്ടു. വി. ടി ബല്‍റാമിന് പുറമെ സി.വി ബാലചന്ദ്രന്റെ പേരും കെ.പി.സി.സിക്ക് കൈമാറിയിട്ടുണ്ട്.
രണ്ട് തവണയായി തൃത്താല മണ്ഡലത്തില്‍ ജനവിധി നേടിയിട്ടുള്ള നേതാവാണ് വി. ടി ബല്‍റാം.
ഷാഫി പറമ്പില്‍ എം.എല്‍.എയായ പാലക്കാട് മണ്ഡലത്തിലും സമാനമായ വിമത നീക്കം നേരത്തെ ഉണ്ടായിരുന്നു. പാലക്കാട് ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് എ. വി ഗോപിനാഥാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മരിക്കുന്നത് വരെ കോണ്‍ഗ്രസ് ആയിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് നടക്കുമോ എന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ കഴിഞ്ഞ പതിനഞ്ച് കൊല്ലമായി തന്നെ വിളിക്കുന്നില്ല എന്നും എ.വി ഗോപിനാഥ് ചോദിച്ചിരുന്നു. മെമ്പര്‍ഷിപ്പ് പുതുക്കാന്‍ പോലും അവസരം തന്നിട്ടില്ലെന്ന് എ.വി ഗോപിനാഥ് പറഞ്ഞു.
ആലത്തൂര്‍ എം.എല്‍.എ ആയിരുന്ന എ.വി ഗോപിനാഥ് ഇപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്. അടുത്തിടെ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്, അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവളിയുയര്‍ത്തിയിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാത്ത ഗോപിനാഥ് ഗ്രൂപ്പില്ലാത്തതിനാലാണ് താന്‍ തഴയപ്പെടുന്നതെന്ന് പറഞ്ഞിരുന്നു.
അതിനിടെ എ. വി ഗോപിനാഥിന് പിന്തുണയുമായി പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിക്കൊരുങ്ങുകയാണ്. 42 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി.