| Wednesday, 7th September 2022, 7:57 am

നടുറോഡില്‍ വടംവലി; തൃശൂരില്‍ ഓണാഘോഷവുമായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ നടുറോഡില്‍ ഓണാഘോഷം സംഘടിപ്പിച്ച് പൊലീസ്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വടം വലിയുള്‍പ്പെടെയുള്ള ഓണാഘോഷ പരിപാടികള്‍ നടുറോഡില്‍ സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ചൊവ്വാഴ്ചയായിരുന്നു വടക്കേക്കാട് പൊലീസിന്റെ ഓണാഘോഷ പരിപാടികള്‍. സ്റ്റേഷന് മുമ്പിലുള്ള പൊതുമരാമത്ത് റോഡിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. നിയമപാലകര്‍ തന്നെ നിയമം ലംഘിച്ച് റോഡില്‍ ഓണാഘോഷം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

ഗുരുവായൂര്‍- പൊന്നാനി സംസ്ഥാന പാതയ്ക്ക് സമാന്തരമായ പാതയാണിത്. റോഡില്‍ വടം വലി, കസേര കളി തുടങ്ങിയ മത്സരങ്ങള്‍ ആയിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

അതിനിടെ, മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരപ്പനങ്ങാടി കോ-ഓപറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്.

വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡില്‍ കുടുങ്ങിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഓപ്പണ്‍ ജീപ്പും രൂപമാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.

അതേസമയം, കേരള സര്‍ക്കാരിന്റെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം കനകക്കുന്നില്‍ ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, അപര്‍ണാ ബാലമുരളി എന്നിവര്‍ മുഖ്യാതിഥികളായി.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

ഗുരുഗോപിനാഥ് കലാഗ്രാമം ഒരുക്കിയ നൃത്തശില്‍പം, വിജയ് യേശുദാസ് നയിച്ച സംഗീത നിശ തുടങ്ങിയവായായിരുന്നു ഓണം വാരാഘോഷത്തിന്റെ ആദ്യ ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

32 വേദിയിലാണ് ഇത്തവണ ഓണാഘോഷം. ഏഴ് ദിവസത്തെ പരിപാടികളില്‍ എണ്ണായിരത്തിലേറെ കലാകാരന്മാര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 12ന് വൈകിട്ട് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ വര്‍ണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും.

Content Highlight: Thrissur Vadakkekad police celebrated onam on road

We use cookies to give you the best possible experience. Learn more