| Tuesday, 9th April 2024, 3:13 pm

അച്ഛനമ്മമാര്‍ അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല; പത്മജ വേണുഗോപാലിനെതിരെ കെ. മുരളീധരന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ജെ.പി നേതാവ് പത്മജ വേണുഗോപാലിനെതിരെ വിമര്‍ശനവുമായി തൃശൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പത്മജ ചെയ്യുന്ന കാര്യങ്ങള്‍ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന് പൊറുക്കാന്‍ കഴിയാത്തവയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. ഇന്ത്യ ആര് ഭരിക്കണമെന്നതിന് വേണ്ടിയുള്ള തെരെഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ താന്‍ ആത്മ സംയമനം പാലിക്കുമെന്നും ഏപ്രില്‍ 26ന് ശക്തമായ ചില തീരുമാനങ്ങള്‍ എടുക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. അച്ഛനമ്മമാര്‍ അന്തിയുറങ്ങുന്ന സ്ഥലം താന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്ക് നല്‍കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കെട്ടിടവും സ്ഥലവും തന്റെ പേരില്‍ വേണമെന്ന അവകാശവാദമൊന്നുമില്ലെന്നും എന്നാല്‍ സംഘികള്‍ക്ക് ഇവ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ ശക്തികളെ തൃശൂരില്‍ നിന്ന് തുടച്ച് നീക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പത്മജ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കൂറുമാറിയതിന് പിന്നാലെ പാര്‍ട്ടിമാറ്റത്തിന്റെ ഔദ്യോഗിക പരിപാടികളുടെ പ്രധാന വേദിയായി തെരഞ്ഞെടുത്തത് കെ. കരുണാകരനും കല്യാണിക്കുട്ടിയമ്മയും അന്തിയുറങ്ങുന്ന ഭൂമിക്ക് സമീപത്തുള്ള സ്ഥലമാണ്. പരിപാടി അവസാനിച്ചതിന് ശേഷം ബി.ജെ.പി നേതാക്കള്‍ കരുണാകരന്റെ സ്മൃതികൂടിരത്തില്‍ എത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഈ നീക്കമാണ് കെ. മുരളീധരനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഈ വിഷയത്തില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Thrissur UDF candidate K. Muralidharan criticized BJP leader Padmaja Venugopal

Latest Stories

We use cookies to give you the best possible experience. Learn more