| Monday, 8th June 2020, 7:48 pm

'തീയേറ്ററിലെ ഇരുട്ടില്‍ മറ്റെന്തോ ആലോചിച്ച്, കനത്ത വിഷാദവുമായി സിനിമ കാണുന്നവര്‍, എല്ലാവരെയും സപ്ന സ്വീകരിച്ചു, സാന്ത്വനപ്പെടുത്തി'; തൃശ്ശൂര്‍ സപ്‌ന തിയ്യേറ്റര്‍ ഇനിയില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൃശ്ശൂര്‍: ലോക്ഡൗണ്‍ അവസാനിച്ച് സിനിമാ പ്രദര്‍ശനം ആരംഭിച്ചാലും തൃശ്ശൂര്‍ നഗരത്തിലെ സപ്‌ന തിയ്യേറ്ററിലെ വെള്ളിത്തിര ഇനി പ്രവര്‍ത്തിക്കില്ല. തിയ്യേറ്ററും സ്ഥലവും ഒരു ബിസിനസ് ഗ്രൂപ്പിന് ലീസിന് കൊടുത്തതോടെയാണ് തൃശ്ശൂരിലെ ആദ്യ കാല തിയ്യേറ്ററുകളിലൊന്നായ സപ്‌ന തിയ്യേറ്റര്‍ അവസാനിക്കുന്നത്.

1930ല്‍ തൃശ്ശൂരിലെ ആദ്യ തിയ്യേറ്ററായ ജോസ് തിയ്യേറ്റര്‍ ആരംഭിച്ച് വൈകാതെ തന്നെ രാമവര്‍മ്മ സ്വാമി എന്നയാള്‍ രാമവര്‍മ്മ എന്ന പേരില്‍ ഈ തിയ്യേറ്റര്‍ ആരംഭിക്കുകയായിരുന്നു. 1973ലാണ് രാമവര്‍മ്മ തന്റെ തിയ്യേറ്റര്‍ ജോസ് തിയ്യേറ്റര്‍ ഉടമയായ കുഞ്ഞിപ്പാലുവിന് വില്‍ക്കുന്നത്. മകന്‍ മോഹന്‍പോളിന്റെ പേരിലാണ് തിയ്യേറ്റര്‍ വാങ്ങിയതും സപ്‌ന എന്ന് പേരിട്ടതും. തൃശ്ശൂര്‍ നഗരത്തില്‍ റൗണ്ടിലായാണ് തിയ്യേറ്റര്‍.

തൃശ്ശൂര്‍ക്കാരുടെ പ്രിയപ്പെട്ട തിയ്യേറ്ററായ സപ്‌ന അടച്ചുപൂട്ടുന്നതിനെ തുടര്‍ന്ന് സുധീഷ് പാലിശേരി എന്ന വ്യക്തി എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പ് വായിക്കാം

സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ് എന്നെവിടെയോ കേട്ടിട്ടുണ്ട്. അങ്ങനെ തോന്നിയത് സ്വപ്നയുടെ ഒന്നാംക്ലാസ് ടിക്കറ്റ് കൗണ്ടറിലേക്കുള്ള വഴിയിലൂടെ പോകുമ്പോഴാണ്. സിമന്റ് ഇളകിത്തുടങ്ങിയ, നേരിയ തണുപ്പുള്ള ഭിത്തികള്‍ക്കിടയിലൂടെ പോകുന്ന, മങ്ങിയ വെളിച്ചം മാത്രമുള്ള ഇടുങ്ങിയ വഴി. സ്‌കൂള്‍ ഗേറ്റ് മുതല്‍ കൂടെ കൂടുന്ന , യൂണിഫോമുള്ളതു കൊണ്ട് ആരെങ്കിലും കാണുമോ എന്ന ഭീതി, ആ വഴി തുടങ്ങുന്നിടത്തു കുടഞ്ഞു കളയും.. പിന്നെ വല്ലാത്ത ധൈര്യമാണ്..

വീടിനടുത്തുള്ള ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളില്‍ പത്താം ക്ലാസ് പഠിച്ചിറങ്ങിയ ഒരു കൗമാരക്കാരന്, ഭ്രമിപ്പിക്കുന്ന ലോകത്തേക്ക് കിട്ടിയ അപ്രതീക്ഷിത സ്വാതന്ത്ര്യമായിരുന്നു തൃശൂര്‍ ടൗണിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു കാലം. മലയാളത്തില്‍ നിന്നു പെട്ടന്ന് ഇംഗ്ലീഷ് മീഡിയമായതിന്റെയും, നാട്ടിലെ സ്‌കൂളിലെ മുറിമൂക്കന്‍ , നഗരത്തിലെ റാങ്കുകാരുടെ കൂടെ ഇരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മൂക്കില്ലാത്തവനായിരുന്നു എന്ന തിരിച്ചറിവിന്റെയുമൊക്കെ അപകര്‍ഷതാ ബോധം തീര്‍ക്കാന്‍ ക്ലാസ് വിട്ടു നഗര വീഥികളിലേക്ക് ഇറങ്ങിയപ്പോള്‍ ആദ്യമൊരു പകപ്പായിരുന്നു.. ആ കെട്ട കാലത്ത് നിറമുള്ള സിനിമകള്‍ നീട്ടി സ്വപ്‌ന അഭയമായി. രാഗവും ജോസും പോലുള്ള, തൃശ്ശൂരിലെ തലയെടുപ്പുള്ള മറ്റു തീയേറ്ററുകളെ അപേക്ഷിച്ച് ലോക്കല്‍ ആയിരുന്നു സ്വപ്‌ന. അത് തന്നെയായിരുന്നു അതിന്റെ മേന്മയും. ലോക്കല്‍ ഓഡിയന്‍സ്..

സ്വപ്നയുടെ ഉച്ചനേരങ്ങളിലെ കാഴ്ചക്കാര്‍ എങ്ങനെയൊക്കെയോ ബന്ധപ്പെട്ടു കിടക്കുന്നവരായി തോന്നിയിട്ടുണ്ട്. ‘സിനിമ കാണുക’ എന്ന ലക്ഷ്യവുമായി വന്നവരെക്കാളധികം ഒറ്റപ്പെടലില്‍ നിന്നൊളിച്ചോടി വന്നവരോ, നഗരത്തില്‍ ചുരുങ്ങിയ ചിലവില്‍ സമയം കളയാനെത്തിയവരോ , തൊഴിലന്വേഷണത്തില്‍ പരാജയപ്പെട്ടവരോ ഒക്കെയായിരുന്നു കൂടുതല്‍ പേരും.. തീയേറ്ററിലെ ഇരുട്ടില്‍ മറ്റെന്തോ ആലോചിച്ച്, കനത്ത വിഷാദവുമായി സിനിമ കാണുന്നവര്‍.. എല്ലാവരെയും സ്വപ്ന സ്വീകരിച്ചു. സാന്ത്വനപ്പെടുത്തി.. പടം വിട്ട ഉടനെ ആളുകളുടെ തിരക്കിലൂടെ നൂണ്ടു തൊട്ടപ്പുറത്തുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തുന്നത് വരെയുള്ള താല്‍ക്കാലിക സാന്ത്വനം..

കൊഴിഞ്ഞു പോയ ആ കെട്ട കാലത്തിലേക്ക് ഇപ്പോള്‍ സ്വപ്നയും അതിന്റെ ഇടുങ്ങിയ വഴികളും ചേരുകയാണ്.. എല്ലാത്തിനും നന്ദി..

We use cookies to give you the best possible experience. Learn more