| Tuesday, 6th February 2024, 5:20 pm

'തൃശൂരിലെ പാലയൂർ ചർച്ച് ശിവക്ഷേത്രമായിരുന്നു': പള്ളിക്ക് നേരെ അവകാശവാദവുമായി ഹിന്ദു ഐക്യവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: തൃശൂർ ജില്ലയിലെ പാലയൂർ സെന്റ് തോമസ് ചർച്ച് പണ്ട് ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ബി.ജെ.പി നേതാവ് ആർ.വി. ബാബു. 24ന്യൂസ് ചാനലിൽ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് നേതാവ് കൂടിയായ ബാബു.

തന്റെ കുട്ടിക്കാലം തൊട്ട് പള്ളി പണ്ട് ക്ഷേത്രമായിരുന്നു എന്ന് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മലയാറ്റൂർ പള്ളി എങ്ങനെയാണ് ഉണ്ടായത് എന്ന് മലയാറ്റൂർ രാമകൃഷ്ണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആർ.വി. ബാബു ചർച്ചയിൽ പറഞ്ഞു. അർത്തുങ്കൽ പള്ളി ഹിന്ദു ക്ഷേത്രം ആയിരുന്നുവെന്ന ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വാദം ശരിയാണെന്നും 50 വർഷം മുമ്പ് പുറത്തിറക്കിയ സുവനീറിൽ അത് പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാബുവിന്റെ പരാമർശത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ അവിടെ മണിപ്പൂരാകും എന്ന സൂചനയാണ് സംഘപരിവാർ നൽകുന്നത് എന്നാണ് വിമർശനങ്ങളിലൊന്ന്.

തൃശൂർ അതിരൂപതയ്ക്ക് കീഴിലുള്ള പാലയൂർ സെന്റ് തോമസ് ചർച്ച് ഗുരുവായൂർ ക്ഷേത്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പള്ളി യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളായ തോമസ് സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം.

നേരത്തെയും കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾക്ക് മേൽ സംഘപരിവാർ അവകാശവാദം ഉന്നയിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പള്ളി ശിവക്ഷേത്രം ആയിരുന്നെന്നും അത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്നും ആർ.എസ്.എസ് സൈദ്ധാന്തികനും അഭിഭാഷകനുമായ ടി.ജി. മോഹൻദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ് പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഓരോ ഇഞ്ച് ഭൂമിയും തിരികെ പിടിക്കുമെന്നും 2020ലും ആർ.എസ്.എസ് പ്രവർത്തകർ പറഞ്ഞിരുന്നു.

Content Highlight: Thrissur’s Palayoor church was Shiv temple says BJP leader

We use cookies to give you the best possible experience. Learn more