| Friday, 20th December 2019, 10:07 pm

പുതുമകളില്ലാത്ത പൂരം ഈ തൃശ്ശൂര്‍ പൂരം

അനു ചന്ദ്ര

തൃശ്ശൂര്‍ പൂരത്തിന്റെ പകിട്ടും പെരുമയും പ്രശസ്തമാണ്. വര്‍ണ്ണപ്പൊലിമയില്‍ വിസ്മയം തിര്‍ത്ത് വെടിക്കട്ടും, പൂരത്തിന്റതായ പ്രൗഢിയും കണ്ടവര്‍ ഒന്നും അത്ര പെട്ടന്ന് മറക്കില്ല. അതേ ആവേശവും തനിമയും പൂര്‍ണ്ണമായും അവകാശപ്പെടാന്‍ തൃശ്ശൂര്‍ പൂരം സിനിമക്ക് സാധ്യമല്ല.

നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച തൃശ്ശൂര്‍ പൂരം പൂര്‍ണമായി ആസ്വദിച്ച് തന്നെ സിനിമാപ്രേമികള്‍ തിയേറ്റര്‍ വിട്ടിറങ്ങാനും നിര്‍വാഹമില്ല. എന്നാല്‍ ആക്ഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുതരത്തില്‍ ഈ സിനിമ ഒരു പൂരാനുഭവമാണ് താനും. 2018ലെ പൂരത്തിനിടയിലാണ് ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രമായ തൃശൂര്‍ പൂരം സിനിമയുടെ പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്.

എന്നാല്‍ പതിവ് ജയസൂര്യ സിനിമകളില്‍ നിന്ന് വിട്ടു മാറിയ കിടിലന്‍ ആക്ഷന്‍ ചിത്രമാണ് തൃശൂര്‍ പൂരം എന്നത് സിനിമയുടെ പേരില്‍ നിന്നും ഊഹിച്ചെടുക്കാന്‍ പ്രേക്ഷകര്‍ക്ക് അത്ര എളുപ്പത്തില്‍ സാധിക്കുമായിരുന്നില്ല. ഫ്രൈഡേ ഫിലിം ഹൗസിനോടൊപ്പമുള്ള തന്റെ നാലാമത്തെ ചിത്രമായ തൃശൂര്‍ പൂരത്തില്‍ ലോക്കല്‍ ഗുണ്ട ആയ പുള്ളു ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.

വളരെ ചെറുപ്പത്തില്‍ സ്വന്തം  അമ്മയുടെ കൊലപാതകിയെ ഇല്ലായ്മ ചെയ്യുന്നതിലൂടെയാണ് ഗിരി അപ്രതീക്ഷിത  സാഹചര്യത്താല്‍ ഗുണ്ടയായി മാറുന്നത്. വിവാഹശേഷം ഗുണ്ടായിസത്തില്‍ നിന്ന് വിട്ടുമാറി ഭാര്യയും മകളുമൊത്തു സ്വസ്ഥ ജീവിതം നയിക്കുന്ന ഗിരി വീണ്ടും ചില സാഹചര്യങ്ങളില്‍ പഴയ പണിയില്‍ എത്തിപ്പെടേണ്ടി വരുന്നു. ഒരിക്കല്‍ വഴിയില്‍ ഉപേക്ഷിച്ച അയാളുടെ ഗുണ്ടാ ജീവിതവും, അതിലെ ഏറ്റുമുട്ടലുകളും ഒക്കെയാണ് സിനിമ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയാള്‍ക്കൊപ്പം ഉള്ള സുഹൃത്തുക്കളില്‍ നിന്നും പറ്റുന്ന ചില അബദ്ധങ്ങളുടെ പുറകെ പോയി അയാളും കുടുംബവും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍ കൂടിയാണ് ചിത്രം പറയുന്നത്. വിശദീകരിച്ചു പറയാന്‍ വലിയ പുതുമകളൊന്നും ഇല്ലാത്ത സിനിമ തന്നെയാണ് തൃശൂര്‍ പൂരം. പുള്ളു ഗിരിക്കൊപ്പം എപ്പോഴും കൂട്ടായി നാലു പേരുണ്ട്. ‘ഞങ്ങളെപോലുള്ളവര്‍ക്ക് ആകെ ഉള്ളത് ചങ്കായി നില്‍കുന്ന ഇവര്‍ ഒക്കെയാണ്’ എന്നു ഗിരി പറയുന്ന പോലെ അയാളുടെ വിശ്വസ്തരും അവരാണ്.

ഗിരിയുടെ മാസ് ആക്ഷന്‍ പ്രകടനങ്ങളില്‍ അത്യാവശ്യം പെര്‍ഫോമന്‍സ് സാധ്യത കിട്ടിയവരാണ് അവരും. മുരുകന്‍,മണികുട്ടന്‍ തുടങ്ങിയവര്‍ ആണ് ഗിരിയുടെ സന്തതസഹചരികള്‍ ആയ കഥാപാത്രങ്ങളായി വരുന്നത്. ഗിരിക്കു മറുവശത്ത് നില്‍ക്കുന്നതാകട്ടെ സുദേവും സാബുമോന്‍ അബ്ദുസമദുമാണ്. തന്റെ അനിയന് പറ്റുന്ന അപകടത്തിന് കണക്കുചോദിക്കാന്‍ പാകത്തില്‍ ഗിരിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സാബുമോന്റെ കഥാപാത്രത്തിന് ഉള്ളത്. മൊത്തത്തില്‍ മാസ് ഡയലോഗും, ആക്ഷനും തിങ്ങിനിറഞ്ഞ എന്നാല്‍ പറയത്തക്ക ആകാംഷകള്‍ ഒന്നും നിലനിര്‍ത്താന്‍ പറ്റാതെ പോയ സിനിമയാണ് തൃശ്ശൂര്‍പൂരം.

നായകന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ഉള്ള സ്ലോമോഷന്‍ നടത്തതോടൊപ്പം, മുണ്ട് മടക്കി കുത്തിയുള്ള മലയാള സിനിമയുടെ പഴഞ്ചന്‍ ക്‌ളീഷേ മാസ് എന്‍ട്രി തന്നെ ഇവിടെ പുള്ളു ഗിരിക്കും കൊടുക്കേണ്ടി വന്നു എന്നതും വിഷമകരമാണ്.

നായകനെ മാസ് ആക്കാനുള്ള ക്ലോസ് ഷോട്ടുകള്‍, സ്ലോ മോഷനുകള്‍, മാസ് ബി ജി എം എന്നിങ്ങനെ മാസ് സിനിമകളുടെ സ്ഥിരം ഫോര്‍മുലകള്‍ തന്നെയാണ് ഇവിടേയും പരീക്ഷിച്ചിരിക്കുന്നത്. ഗിരിയുടെ ഭാര്യ വേണിയായി സ്വാതി റെഡ്ഡി വരുമ്പോള്‍ എവിടെയോ കഥാപാത്രത്തിന്റെ ആവശ്യമായ പ്രകടനങ്ങള്‍ നഷ്ടപ്പെട്ടു എന്നതും പ്രേക്ഷകര്‍ തിരിച്ചറിയുന്നു. വൈകാരികമാകേണ്ട രംഗങ്ങളിലും പ്രകടനം കൈമോശം വന്നിരിക്കുന്നു. എന്നാല്‍ ആക്ഷന്‍ രംഗങ്ങളിലെ ഗംഭീര പെര്‍ഫോമന്‍സ് തന്നെ ആയിരുന്നു ഈ ചിത്രത്തില്‍ ജയസൂര്യയുടേതായി പറയാന്‍ ഉള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതോടൊപ്പം കൗതുകരമായ മറ്റൊരു കാര്യം ജയസൂര്യയ്ക്കൊപ്പം മകന്‍ അദ്വൈതും ചിത്രത്തില്‍ ഉണ്ടെന്നുള്ളതാണ്. ഗിരിയുടെ ചെറുപ്പകാലമാണ് അദ്വൈത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛനെ പോലെ തന്നെ മകന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഇതില്‍. നേരത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ക്യാപ്റ്റന്‍, ഞാന്‍ മേരികുട്ടി എന്നീ സിനിമകളിലും അദ്വൈത് അഭിനയിച്ചിരുന്നു. ഇതല്ലാതെ ഷോര്‍ട്ട് ഫിലിം ഒരുക്കിയും താരപുത്രന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന് കഥയൊരുക്കിയ രതീഷ് വേഗ തന്നെയാണ് സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത്. ആക്ഷന്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ പശ്ചാത്തല സംഗീതം വളരെ പങ്ക് വഹിച്ചിട്ടുണ്ട്. രാജശേഖര്‍ ഒരുക്കിയ ഛായാഗ്രഹണവും നല്ലതായിരുന്നു. കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്തയാള്‍ കൂടിയാണ് ആര്‍.ഡി. രാജശേഖര്‍. കഥയില്‍ അവകാശപ്പെടാന്‍ വലിയ പുതുമകള്‍ ഒന്നും ഇല്ലെങ്കിലും ആക്ഷന്റെ ഒരു പൂരം തന്നെയാണ് ഈ തൃശ്ശൂര്‍പൂരം.

അനു ചന്ദ്ര

സഹസംവിധായിക, ചലച്ചിത്ര നിരൂപക

We use cookies to give you the best possible experience. Learn more