| Monday, 12th April 2021, 7:32 am

തൃശൂര്‍പൂരം; നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ 20,000 പേരെങ്കിലും രോഗികളാകുമെന്ന് ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പ്. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

പൂരം സാധാരണ നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പൂരത്തിന് ആളുകള്‍ എത്തുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ 20000 പേരെങ്കിലും രോഗബാധിതരാകുകയും 2000 പേരെങ്കിലും മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന പറഞ്ഞു.

നിലവില്‍ തൃശൂര്‍ ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.2 ശതമനമാണ്. ഈ രീതിയിലാണ് വ്യാപനമെങ്കില്‍ പൂരം നടക്കുന്ന 23 ലെത്തുമ്പോഴേക്കും പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തുമെന്നും ഡി.എം.ഒ പറഞ്ഞു.

പൂരത്തിന് ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നു ജില്ലാ കലക്ടറും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ആരോഗ്യവകുപ്പിന്റെ നിലപാടിനെതിരേ ദേവസ്വങ്ങള്‍ രംഗത്തെത്തി. പൂരത്തെ തകര്‍ക്കാനാണു ശ്രമമെന്നും ഊതിപ്പെരുപ്പിച്ച കണക്കാണ് ഡി.എം.ഒ. നല്‍കുന്നതെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ തയ്യാറാണെന്നും പൂരം നടത്തിപ്പില്‍നിന്നു പിന്നോട്ടു പോകാനാവില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.

പൂരം നടത്തിപ്പില്‍ മാറ്റമില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാറും പറഞ്ഞു. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രമായി ഒതുക്കിയിരുന്നു. എന്നാല്‍ ഇത്തവണ പൂരപ്രേമികളുടെയും സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണു തൃശൂര്‍ പൂരം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thrissur Pooram Health Department Concern Covid 19

We use cookies to give you the best possible experience. Learn more