തൃശൂര്‍: ഒടുവില്‍ പൂരം കലക്കിയതില്‍ കേസെടുത്ത് പൊലീസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസ്. പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് കണ്ടെത്താനാണ് അന്വേഷണം.
പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരജ്ഞന്റെ പരാതിയിലാണ് നടപടി. അതേസമയം ആരെയും പ്രതി ചേര്‍ക്കാതെയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് പൂരം അലങ്കോലമാക്കിയതില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു നടപടി. പൂരം അലങ്കോലമാക്കിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നായിരുന്നു ഉത്തരവ്.
എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ച് ഒമ്പത് ദിവസം കഴിഞ്ഞിട്ടും പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, പൂരം അലങ്കോലമാക്കിയതില്‍ കേസെടുക്കാനോ തുടര്‍ അന്വേഷണം നടത്താനോ പ്രത്യേക സംഘത്തിന് കഴിഞ്ഞില്ല.
നിലവില്‍ പൂരം അലങ്കോലമായിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ പ്രതികരിച്ച സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആരോപണത്തില്‍ പ്രത്യേക സംഘം തന്നെയാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
നേരത്തെ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. രഹസ്യരേഖയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര വകുപ്പിന്റെ തീരുമാനം. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവിടില്ലെന്ന് അറിയിച്ചത്.
ഈ റിപ്പോര്‍ട്ടിന്മേലാണ് സര്‍ക്കാര്‍ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ്, പൊലീസ് മേധാവി എന്നിവരെയാണ് അന്വേഷണത്തിനായി ചുമതല പെടുത്തിയത്.
Content Highlight: thrissur pooram disruption thrissur town police registered a case