| Sunday, 21st April 2024, 8:16 pm

തൃശൂര്‍ പൂരം തടസ്സപ്പെടുത്തിയ സംഭവം; സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ പൂരം തടസ്സപ്പെടുത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി. തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലം മാറ്റാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇരുവരെയും തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അടിയന്തരമായി ഇരുവരെയും സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

തൃശൂര്‍ പൂരം തടസ്സപ്പെടുത്തിയ സംഭവം ബി.ജെ.പി ഉള്‍പ്പടെ തൃശൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. വിഷയത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ഇതില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് മുന്നോടിയായാണ് ഇപ്പോള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുത്തത്.

പൂരം കാണാനെത്തിയ ആളുകളോടും മാധ്യമപ്രവര്‍ത്തകരോടും സിറ്റി പൊലീസ് കമ്മീഷണര്‍ അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത് തെളിവായി എടുത്ത് കൊണ്ടാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടി എടുത്തത്.

Content Highlight: Thrissur Pooram Disruption Incident; Chief Minister ordered transfer of City Police Commissioner

We use cookies to give you the best possible experience. Learn more