തൃശൂര്‍ ജില്ലയിലെ പാലിയേക്കര-മണ്ണുത്തി ബൈപാസ്സ് 1987 ല്‍ പൊതുജനങ്ങള്‍ തുറക്കുന്നുകൊടുക്കുന്നതുവരെ നെല്‍വയലുകളാല്‍ സമൃദ്ധമായിരുന്നു. ബൈപാസ്സ് വന്നതിന് ശേഷം അപ്രത്യക്ഷമായ ഈ വയലുകളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തില്‍ ഇവിടെ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളെ വിശകലനം ചെയ്യുന്നു. സി. പ്രസാദ്, ടി. ശ്രീനാഥ്, കെ.കെ. അനീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഈ പഞ്ചായത്തുകളില്‍ അവശേഷിക്കുന്ന കുറച്ച് വയലുകളാണ് ഈ ബൈപാസ്സിന് ഇരുവശവും ഉണ്ടായിരുന്നതെന്ന് പഠനം നടത്തിയ ശ്രീനാഥ് പറയുന്നു.
നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കര്‍ഷകരുടെ ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അത് അധികകാലം നിലനിന്നില്ല. 2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നെങ്കിലും ഇവിടുത്തെ അവസ്ഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ അതിന് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.
തലോര്‍ കായല്‍ ഭാഗത്ത് അഞ്ച് നെല്‍വയല്‍ ഖണ്ഡങ്ങളാണ് വേര്‍തിരിച്ചിട്ടുള്ളത്. കെട്ടിടാവശിഷ്ടങ്ങളും ഖരമാലിന്യങ്ങളും കൊണ്ട് നികത്തിയതാണ് രണ്ട് ഖണ്ഡങ്ങള്‍. തലോര്‍ കായലിലേക്ക് വലിയ തോതില്‍ വിവിധതരം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതില്‍ ആശുപത്രി മാലിന്യവും ഉള്‍പ്പെടുന്നു.
ആധുനിക രീതിയിലുള്ള ഹരിതഗൃഹം ഇവിടെ നിര്‍മിച്ചു വരുന്നു. ഇതിനായി ഏക്കറുകളോളം പാടങ്ങള്‍ നികത്തികൊണ്ടിരിക്കുകയാണ്. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പാടത്ത് വലിയ തോതില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി കാണപ്പെട്ടിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. കൃഷിയോഗ്യമായ ഭൂമി വിളവെടുക്കുന്നത് അറവുമാലിന്യത്തിലാണെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷമായി വയല്‍ നികത്തലിനെതിരെ കര്‍ഷക കൂട്ടായ്മകള്‍ നിര്‍മിച്ചും മറ്റും പ്രായോഗികമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ വന്‍കിട റിയല്‍ എസ്റ്റേറ്റുകാരുടെ കയ്യിലുള്ള ഭൂമി നമുക്ക് കൃഷി ചെയ്യാനായി ലഭിക്കാറില്ല. കൃഷി കുറഞ്ഞതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളം താഴ്ന്നു – പഠനം നടത്തിയ ശ്രീനാഥ് പറയുന്നു.
ജലസേചന മാര്‍ഗ്ഗം തടസ്സപ്പെടുമ്പോള്‍ കൃഷി ചെയ്യാന്‍ ആവശ്യമായ വെള്ളം എത്താതെ വരും. കൃഷിക്കായി വെള്ളം പമ്പ് ചെയ്യണ്ട അവസ്ഥയുണ്ടാകും. ഇത് കര്‍ഷകര്‍ക്ക് ഒരു സാമ്പത്തിക ബാധ്യതയായി മാറും.
സ്ഥലത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ മണലിപ്പുഴയിലേക്ക് നെല്‍വയലുകളില്‍ നിക്ഷേപിക്കുന്ന മാലിന്യം ഒഴുകിയെത്തുന്നു. തണ്ണീര്‍ത്തടങ്ങള്‍ വാണിജ്യകെട്ടിടങ്ങളും മറ്റും ആയി മാറുമ്പോള്‍ അശാസ്ത്രീയമായ മാലിന്യ നിക്ഷേപം പ്രദേശത്തെ മുഴുവന്‍ ബാധിക്കുന്നു.
റോഡിന്റെ ഇരുവശവും വരുന്ന സ്ഥലത്തിന്റെ പ്രധാന ഭാഗം റിയല്‍ എസ്റ്റേറ്റുകാരുടെ കയ്യിലൂടെ കടന്ന് കച്ചവട സ്ഥാപനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. മിച്ചം വരുന്ന തരിശുഭൂമിയുടെ ഉടമസ്ഥത അറിയാന്‍ പോലും പ്രയാസമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മുന്‍പ് നെല്‍പ്പാടങ്ങള്‍ നിന്നിടത്ത് ഇന്ന് ഓട്ടോമൊബൈല്‍ ഷോറൂമുകളും സര്‍വീസ് സ്റ്റേഷനുകളും, വീടുകളും നിരന്ന് നില്‍ക്കുന്നു. പുഞ്ചപ്പാടത്തും വയല്‍ നികത്തി വ്യവസായ സ്ഥാപനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.
പാലിയേക്കര മണ്ണുത്തി ഭാഗത്ത് 13 വര്‍ഷത്തിനു ശേഷം തരിശായി കിടന്ന 12.5 ഏക്കറില്‍ നെല്‍കൃഷി ചെയ്തു. കൃഷി കഴിഞ്ഞ ഉടനെ തന്നെ ഇതിന്റെ പകുതി ഭാഗവും കോണ്‍ക്രീറ്റ് കാലുകള്‍ക്ക് കീഴിലായതായി പഠനത്തില്‍ രേഖപ്പെടുത്തുന്നു. ഈ പാടം തൃശൂര്‍ കോര്‍പറേഷന്‍ മൊബിലിറ്റി ഹബ് നിര്‍മിക്കാനായി ഏറ്റെടുക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. റോഡ് വികസനമാണ് മൊബിലിറ്റി ഹബ്ബിന് വഴിയൊരുക്കിയത്.
തരിശിടങ്ങളില്‍ നെല്‍കൃഷി ഏറ്റെടുക്കാനുള്ള പരിശ്രമങ്ങളും വിജയം കാണുന്നില്ലെന്നാണ് സുധീര്‍ പറയുന്നത്. കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റുകാരും മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പോലും നെല്‍പാടങ്ങളെ നികത്തുന്നതിലാണ് താല്‍പര്യം കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കൃഷി -കുടിവെള്ളം -പരിസ്ഥിതി എന്നിങ്ങനെ മനുഷ്യ ജീവന്‍ നിലനിര്‍ത്താനുള്ള ആത്യന്തിക ആവശ്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നാണ് പഠനസംഘം പറയുന്നത്.