| Sunday, 12th March 2023, 8:45 am

ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണോ എന്ന് ആലോചിക്കും; കക്കുകളി നാടകത്തിനെതിരെ ഇടവകകളില്‍ സര്‍ക്കുലര്‍ വായിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കക്കുകളി നാടകത്തിനെതിരെ തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള ഇടവകകളില്‍ ഞായറാഴ്ച സര്‍ക്കുലര്‍ വായിച്ചു. നാടക വിവാദവുമായി ബന്ധപ്പെട്ട് സാസ്‌കാരിക വകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് തൃശൂര്‍ അതിരൂപത നടത്തിയത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെക്കാള്‍ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധമെന്നും അതിരൂപത പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമോ എന്നത് ആലോചിക്കുമെന്നും ഇടവകകളില്‍ വായിച്ച സര്‍ക്കുലറില്‍ പറഞ്ഞു.

ക്രൈസ്തവ പുരോഹിതരേയും വിശ്വാസത്തേയും അപഹസിക്കുന്ന നാടകത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ക്രിസ്ത്യന്‍ സമുദായത്തെ അവഹേളിക്കുന്ന കക്കുകളിയെ ഉന്നത കലാസൃഷ്ടി എന്നനിലയിലാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്നും അതിരൂപത പറഞ്ഞു.

നാടകം ക്രൈസ്തവ വിശ്വാസത്തെ അപഹാസ്യമായി ചിത്രീകരിക്കുന്നുവെന്നാണ് അതിരൂപതയുടെ ആരോപണം. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് വിഷയത്തില്‍
കളക്ട്രേറ്റ് മാര്‍ച്ച് നടത്താന്‍ അതിരൂപത തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കിയാണ് കക്കുകളി എന്ന നാടകം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

നാടകത്തിനെതിരെ കെ.സി.ബി.സിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെ.സി.ബി.സി പറഞ്ഞു. ചരിത്രത്തെ അപനിര്‍മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എത്രയും വേഗം നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

ഫ്രാന്‍സിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി. ആലപ്പുഴയിലെ നാടക സംഘമാണ് നാടകം അവതരിപ്പിക്കുന്നത്.

Content Highlight: Thrissur Metropolitan A circular was read in the parishes against Kakkukali play

We use cookies to give you the best possible experience. Learn more