രാജ്യത്തിന്റെ അടിത്തറയ്ക്ക് വിരുദ്ധമായി മോദി പ്രവര്‍ത്തിക്കരുത്; പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വിഭജിക്കരുത്: തൃശൂര്‍ മെത്രാപൊലീത്ത
Kerala News
രാജ്യത്തിന്റെ അടിത്തറയ്ക്ക് വിരുദ്ധമായി മോദി പ്രവര്‍ത്തിക്കരുത്; പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വിഭജിക്കരുത്: തൃശൂര്‍ മെത്രാപൊലീത്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th June 2023, 9:10 pm

തിരുവനന്തപുരം: രാജ്യത്തിന്റെ അടിത്തറയ്ക്ക് വിരുദ്ധമായ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കരുതെന്ന് തൃശൂര്‍ മെത്രാപൊലീത്ത യുഹാനോണ്‍ മാര്‍ മിലിത്തിയോസ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന തരത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ആശങ്ക ഉണ്ടാക്കിയെന്ന് മെത്രാപൊലീത്ത പറഞ്ഞു. ‘തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രസ്താവന ദുരുദ്ദേശ്യപരമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും വിഭജിക്കാനുള്ളൊരു പരിശ്രമമാണ്.

വികസന വിഷയങ്ങളെ കുറിച്ച് സംസാരിക്കാതെയാണ് പ്രധാനമന്ത്രി ഏക സിവില്‍ കോഡിനെക്കുറിച്ച് പ്രസ്താവന നടത്തുന്നത്. പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കരുതായിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ മിണ്ടാത്ത മോദിയാണ് സിവില്‍ കോഡിനെ കുറിച്ച് പറയുന്നത്. അതല്ലേ അദ്ദേഹത്തിന്റെ പ്രധാന പരിഗണനാ വിഷയമായിരിക്കേണ്ടത്. റെയില്‍വേ സിസ്റ്റത്തിന്റെ പാളിച്ചകള്‍ പരിഹരിക്കുന്നതല്ലേ അദ്ദേഹത്തിന്റെ മുഖ്യ പരിഗണനാ വിഷയമായിരിക്കേണ്ടത്.

രാജ്യത്തെ ഏതെങ്കിലും മതങ്ങളുടെ വിശ്വാസങ്ങളുടെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏതെങ്കിലും ആളുകളുടെ അവകാശത്തെ ധ്വംസിക്കുന്നുണ്ടോയെന്ന് സര്‍ക്കാരിന് അന്വേഷിക്കാം. ഇതൊക്കെ പരിശോധിക്കാന്‍ നിയമകമ്മീഷന്‍ ഉള്ള സാഹചര്യത്തില്‍ ഇത്തരമൊരു പൊതുപ്രസ്താവന നടത്തിയത് ഉചിതമായോ എന്നുള്ള ഒരു ചോദ്യം ഉയരുന്നുണ്ട്.

ഇത് വളരെയേറെ ആളുകളെ ആശങ്കാകുലരാക്കും. പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ പോകുന്നുവെന്ന തരത്തിലാണ് പ്രധാനമന്ത്രി പ്രസ്താവനയിറക്കിയത്,’ യുഹാനോണ്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

Content Highlights: thrissur methropolitha on unified civil code, criticizes pm modi