തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുറിയിലെ ദുരനുഭവം വെളിപ്പെടുത്തി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എംബിബിഎസ് 31ആം ബാച്ച് വിദ്യാര്‍ത്ഥിനി ക്രിസ്റ്റിന എല്‍സ സണ്ണിയാണ് ഹോസ്റ്റല്‍ മുറിയിലെ ദുരനുഭവം പങ്കുവെച്ചത്. കഴിഞ്ഞ മെയ് 19 ാം തിയതി രാത്രി ഹോസ്റ്റല്‍ മുറിയിലെ തന്റെ കട്ടിലിന് സമീപം 20 വയസ് പ്രയമുള്ള യുവാവ് അതിക്രമിച്ച കയറിയെന്നാണ് ക്രിസ്റ്റിന എല്‍സ വെളിപ്പെടുത്തിയിരിക്കുന്നത്.
2017 മെയ് 19ന്റെ രാത്രിയില്‍, എന്റെ കാഴ്ചപ്പാടുകളും സമൂഹത്തോടുള്ള എന്റെ മനോഭാവവും ആകെ തകര്‍ന്നു പോയെന്ന് ക്രിസ്തീന പറയുന്നു. “പതിവുപോലെ രാത്രി എല്ലാവരും ആ മുറിയില്‍ ഉറങ്ങുകയായിരുന്നു. ഞാനും നല്ല ഉറക്കിലായിരുന്നു. പെട്ടെന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും എന്റെ സുഹൃത്തിന് ഒരു ഫോണ്‍ കോള്‍ വന്നു, ഉടനടി അവള്‍ക്ക് പുറത്തു പോകേണ്ടിയും വന്നു. അവള്‍ പോയതിനുശേഷം വാതില്‍ പൂട്ടുവാന്‍ വിട്ടുപോയതോര്‍ത്ത് ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു.
ഉറക്കത്തില്‍ എന്റെ ശരീരത്തില്‍ എന്തോ തട്ടുന്നതു പോലെ തോന്നിയാണ് പിന്നെ എഴുന്നേറ്റത്. റൂമിലെ പകുതി ഇരുട്ടില്‍ എന്റെ കിടക്കയുടെ അടുത്ത് ഏകദേശം 20വയസ്സുള്ള ഒരാള്‍ ഇരിക്കുന്നത് കണ്ടു. ഞാന്‍ ഞെട്ടിയുണര്‍ന്നു ബഹളം വെച്ചു. അതോടെ എല്ലാവരും ഉണര്‍ന്നു.
താഴെ നിന്നും കൂടെ ജോലി ചെയ്യുന്ന പലരും ഓടിവന്നു. എന്നാല്‍ ഏറെ നേരം തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. അപ്പോഴേക്കും അയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.”- ക്രിസ്റ്റീന പറയുന്നു.
dONT mISS ഗര്‍ഭിണായാണെന്ന് അറിഞ്ഞ് പത്ത് മിനിട്ടിനകം യുവതി അപകടത്തില്‍ മരിച്ചു; ദാരുണസംഭവം മൂവാറ്റുപുഴയില്‍
എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കയതിന് പിന്നാലെ ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായി ക്രിസ്റ്റിന ഉള്‍പ്പെടുന്ന പത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ നാലാം നിലയിലാണ് താമസമൊരുക്കിയിരുന്നത്. എന്നാല്‍ ആര്‍ക്കും ഏതുസമയത്തും കയറിവരാവുന്ന ഒട്ടും സുരക്ഷിതമല്ലാത്ത ഇടമാണ് അവിടമെന്നും ക്രിസ്റ്റീന പറയുന്നു.
നിരവധി തവണ അപരിചതരായ പലരേയും ഹോസ്റ്റല്‍ മുറിക്ക് സമീപം ചുറ്റിത്തിരിയുന്നതായി കണ്ടിട്ടുണ്ട്. യാതൊരു വിധ സുരക്ഷയും ഇവിടെ ഇല്ല എന്നതും ഇത്തരക്കാര്‍ക്ക് എളുപ്പമായി. ലേഡീസ് റൂമില്‍ നിന്നും മോഷണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു.
ഇപ്പോള്‍ ഉണ്ടായ സംഭവം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ടെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് എല്ലാതവണയും പറയുംപോലെ ഇത്തവണയും പറഞ്ഞെന്നും ക്രിസ്തീന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
“ഞങ്ങള്‍ ഇവിടെ തികച്ചും അരക്ഷിതരാണ്. ഒരു ജിഷയോ അല്ലെങ്കിലൊരു ദല്‍ഹി സംഭവമോ നമ്മില്‍ സംഭവിക്കുമ്പോഴേ നമ്മള്‍ ഉണരുകയുള്ളൂ”വെന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റിന തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.