പാലയൂര്‍ ചര്‍ച്ച് ശിവക്ഷേത്രമെന്ന പ്രസ്താവനയില്‍ സുരേഷ് ഗോപി നിലപാട് പറയണം: തൃശൂര്‍ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി
Kerala News
പാലയൂര്‍ ചര്‍ച്ച് ശിവക്ഷേത്രമെന്ന പ്രസ്താവനയില്‍ സുരേഷ് ഗോപി നിലപാട് പറയണം: തൃശൂര്‍ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2024, 10:44 am

തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് ചര്‍ച്ച് പണ്ട് ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിന്റെ പ്രസ്താവനയില്‍ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് തൃശൂര്‍ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി.

‘പാലയൂര്‍ ചര്‍ച്ച് നില്‍ക്കുന്നയിടത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നു എന്നായിരുന്നു ഹിന്ദു ഐക്യവേദി നേതാവായ ആര്‍.വി. ബാബുവിന്റെ വിവാദ പ്രസ്താവന. യാതൊരു വിധത്തിലും അടിസ്ഥാനമില്ലാത്ത തികച്ചും പ്രകോപനപരമായ പ്രസ്താവനയാണ് ബാബു നടത്തിയത്. കേരളത്തിലെ മനുഷ്യരുടെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മനപൂര്‍വമാണ് സംഘപരിവാര്‍ നേതാവിന്റെ ഈ അഭിപ്രായ പ്രകടനം,’ എല്‍.ഡി.എഫ് വിമര്‍ശിച്ചു.

തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന സുരേഷ് ഗോപി നിലവില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വരികയാണെന്നും അദ്ദേഹം മാതാവിന് കിരീടം സമ്മാനിച്ചത് വാര്‍ത്തയായിരുന്നുവെന്നും ജില്ലാ കമ്മിറ്റി പറയുന്നു.

എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനകളെ കുറിച്ച് പ്രതികരിക്കാന്‍ സുരേഷ് ഗോപിക്ക് ബാധ്യതയുണ്ട് എന്ന് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടി.

ആര്‍.വി. ബാബു തൃശൂരിലെ മറ്റ് ക്രിസ്ത്യൻ ചര്‍ച്ചുകളെ കുറിച്ച് നുണ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതേ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ സുരേഷ് ഗോപി തയ്യാറാവണമെന്നും എല്‍.ഡി.എഫിന്റെ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

തൃശൂരിന്റെ മാതൃകയായ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്‍.ഡി.എഫ് വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

24ന്യൂസ് ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് ആര്‍.വി. ബാബുവിന്റെ പ്രസ്താവന. മലയാറ്റൂര്‍ പള്ളി എങ്ങനെയാണ് ഉണ്ടായത് എന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആര്‍.വി. ബാബു ചര്‍ച്ചയില്‍ പറഞ്ഞു.

അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രം ആയിരുന്നുവെന്ന ആര്‍.എസ്.എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ വാദം ശരിയാണെന്നും 50 വര്‍ഷം മുമ്പ് പുറത്തിറക്കിയ സുവനീറില്‍ അത് പരാമര്‍ശിക്കുന്നുണ്ടെന്നും ആര്‍.വി. ബാബു ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

Content Highlight: Thrissur LDF District Committee wants Suresh Gopi to take a stand on the statement that Palayur Church is a Shiva Temple