സംഘപരിവാര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ തൃശൂര്‍ ലോ കോളജിലെ മാഗസിന് സെന്‍സര്‍ഷിപ്പ്: ആര്‍.എസ്.എസ്, ഹിന്ദുത്വ തുടങ്ങിയ വാക്കുകള്‍ വെട്ടിമാറ്റി
Education
സംഘപരിവാര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ തൃശൂര്‍ ലോ കോളജിലെ മാഗസിന് സെന്‍സര്‍ഷിപ്പ്: ആര്‍.എസ്.എസ്, ഹിന്ദുത്വ തുടങ്ങിയ വാക്കുകള്‍ വെട്ടിമാറ്റി
ജിന്‍സി ടി എം
Thursday, 4th April 2019, 4:43 pm

 

തൃശൂര്‍: സംഘപരിവാര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ തൃശൂര്‍ ഗവ. ലോ കോളജ് മാഗസിന് കോളജ് പ്രിന്‍സിപ്പാള്‍ ബിന്ദു എം. നമ്പ്യാര്‍ സെന്‍സറിങ് ഏര്‍പ്പെടുത്തിയതായി വിദ്യാര്‍ഥികള്‍. കോളജ് യൂണിയന്‍ പുറത്തിറക്കിയ “സൂചിയും നൂലും” എന്ന മാഗസിനാണ് സെന്‍സറിങ് ഏര്‍പ്പെടുത്തിയത്.

“ആര്‍.എസ്.എസ്, സംഘപരിവാര്‍, സംഘപരിവാര്‍ ഫാസിസം, ദളിത്, ഹൈന്ദവ ഭീകരത, ഹിന്ദുത്വ തീവ്രവാദം” തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റില്ലയെന്നാണ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥികളോട് പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

മാഗസിനില്‍ അശ്വിന്‍ തങ്കപ്പന്‍ എഴുതിയ “ജാതിമരങ്ങള്‍ പൂക്കുന്ന ഇന്ത്യ” എന്ന ലേഖനത്തിലാണ് ഏറ്റവുമധികം സെന്‍സറിങ് വരുത്തിയത്. ജാതീയമായി അധിക്ഷേപിച്ചതിന് എസ്.സി എസ്.ടി നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് നേരത്തെ കോളജിലെ അധ്യാപകര്‍ക്കെതിരെ അശ്വിന്‍ പരാതി നല്‍കിയിരുന്നു. ഈ ലേഖനം മയപ്പെടുത്തണമെന്നും കോളജ് അധികൃതര്‍ യൂണിയനോട് നിര്‍ദേശിച്ചിരുന്നു.

ലേഖനത്തിലെ കുറേയേറെ ഭാഗങ്ങളില്‍ മാറ്റം വരുത്താനായി ആവശ്യപ്പെട്ടിരുന്നെന്നും അതില്‍ 60-70%ത്തോളം മാറ്റിയിട്ടുണ്ടെന്നുമാണ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ എഡ്ബില്‍ ബെന്നി ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

മാഗസിന്‍ പുറത്തിറക്കാനായി പ്രിന്‍സിപ്പാളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചപ്പോള്‍ മാഗസിന്‍ പൂര്‍ണമായി വായിച്ചു നോക്കണമെന്ന് പറഞ്ഞു. അതിനുശേഷം ചില ഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞ് മാര്‍ക്ക് ചെയ്തു തരികയായിരുന്നു. ചിലയിടത്ത് പ്രൂഫ് നല്‍കാനും ചിലഭാഗത്ത് റഫറന്‍സ് വയ്ക്കാനും പറഞ്ഞു. എന്നാല്‍ ചില വാക്കുകള്‍ വരുന്ന ഭാഗം പൂര്‍ണമായി ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരാളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാഗസിനിലെ ലേഖനത്തില്‍ വയ്ക്കാന്‍ പറ്റില്ലെന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്നും എഡ്ബില്‍ പറയുന്നു.

Also read:ഇതാണ് അഞ്ച് വര്‍ഷം കൊണ്ട് മോദി “വികസിപ്പിച്ച” വാരാണസി; മോദിയുടെ വികസന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി ധ്രുവ് റാഠിയുടെ വീഡിയോ

“ചിലഭാഗങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതിനൊപ്പം ചിലയിടങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ ആവശ്യപ്പെട്ടു. ഉദാഹരണത്തിന് അതില്‍ “നാമജപയാത്ര” വാക്കുണ്ടെങ്കില്‍ അതിനു മുമ്പായിട്ട് “ചില” എന്ന വാക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. മാഗസിന് അകത്ത് എവിടെ “നാമജപയാത്ര” എന്ന വാക്ക് ഉണ്ടെങ്കിലും അതിന്റെ മുമ്പിലായിട്ട് “ചില” എന്ന വാക്ക് വെച്ചിട്ടാണ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഡിസംബറില്‍ പണി പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിക്കായി മാഗസിന്‍ സമര്‍പ്പിച്ചിരുന്നു. മാറ്റങ്ങള്‍ സമയബന്ധിതമായി നിര്‍ദേശിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

“മാഗസിനിലെ പകുതിയോളം രചനകളില്‍ മാറ്റങ്ങള്‍ വരുത്താനായി പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ്, സംഘപരിവാര്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ മാഗസിനില്‍ വേണ്ട. അതുവെച്ചു കഴിഞ്ഞാല്‍ പ്രശ്‌നങ്ങളാണ്, അവര്‍ക്കതിന്റെ റിസ്‌ക് ഏറ്റെടുക്കാന്‍ കഴിയില്ലയെന്നാണ് പറഞ്ഞത്. അത് സെന്‍സര്‍ ചെയ്യണമെന്ന് പറഞ്ഞു. ദളിത് സംരക്ഷണവുമായി ബന്ധപ്പെട്ട വാക്കുകള്‍ ലേഖനത്തിലുണ്ടായിരുന്നു. ഉദാഹരണമായിട്ട് കെവിന്റെ വിഷയമൊക്കെ. ആ ഭാഗങ്ങളൊക്കെ സെന്‍സര്‍ ചെയ്യാനായിട്ട് പറഞ്ഞു.” എഡ്ബില്‍ വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നില്ല. പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സ്റ്റാഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നും സ്റ്റാഫ് എഡിറ്റര്‍ രാജിവെക്കുമെന്നു പറഞ്ഞു. അങ്ങനെ വന്നാല്‍ മാഗസിന്‍ പുറത്തിറക്കാന്‍ കഴിയില്ല. അതിനുവേണ്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയായിരുന്നെന്നും എഡ്ബില്‍ ബെന്നി പറഞ്ഞു.

എസ്.എഫ്.ഐ നേതൃത്വത്തിലുള്ള മാഗസിന്‍ സമിതി ഈ സെന്‍സറിങ്ങിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മാഗസിന്‍ പ്രശ്‌നം പരിശോധിക്കാന്‍ അധ്യാപകരുടെ പ്രത്യേക കൗണ്‍സില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ മാഗസിന്‍ സമിതിയിലുള്‍പ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയിരുന്നില്ല. അധ്യാപകരുടെ കൗണ്‍സിലാണ് സെന്‍സര്‍ഷിപ്പിന്റെ കാര്യം തീരുമാനിച്ചത്. മാഗസിന്‍ പുറത്തിറങ്ങുന്നത് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും കോളജിന്റെ ഭാഗത്തുനിന്നുണ്ടായതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

അധ്യാപക കൗണ്‍സിലിന്റെ തീരുമാനത്തിനുശേഷം, കോളജ് മാഗസിനില്‍ പ്രശ്‌നമൊന്നുമുണ്ടാകാതിരിക്കാന്‍ വേണ്ടി ആര്‍.ഡി.ഒയുടെ ഒപ്പുവേണമെന്ന് പറഞ്ഞു. പ്രിന്‍സിപ്പല്‍ അപ്രൂവ് ചെയ്താല്‍ മാത്രം മതിയെന്നിരിക്കെ മാഗസിന്‍ പുറത്തിറങ്ങുന്നത് വൈകിപ്പിക്കാനാണ് ഇത്തരമൊരു നിര്‍ദേശം വെച്ചത്. ” കോളജ് യൂണിയന്‍ വൈസ് പ്രസിഡന്റ് മഞ്ജു ഡൂള്‍ന്യൂസിനോടു പറഞ്ഞു.

അധ്യയന വര്‍ഷത്തിന്റെ അവസാനമായതോടെ മാഗസിന്‍ തിരുത്തലുകളോടെ പ്രസിദ്ധീകരിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മാര്‍ച്ച് 29നാണ് മാഗസിന്‍ പുറത്തിറക്കിയത്.

സെന്‍സറിങ് നടന്നുവെന്ന് വ്യക്തമാക്കുന്നതിനായി, അധ്യാപക കൗണ്‍സില്‍ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ഭാഗങ്ങള്‍, കറുത്തവരകൊണ്ട് മായ്ച്ചാണ് മാഗസിന്‍ പുറത്തിറക്കിയത്. മയപ്പെടുത്തണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ച ലേഖനം പൂര്‍ണരൂപത്തില്‍ പ്രത്യേകം അച്ചടിച്ച് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. മാഗസിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ലേഖനങ്ങള്‍ പൂര്‍ണരൂപത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന കേന്ദ്രസര്‍ക്കാറിന്റെയും സംഘപരിവാറിന്റെയും നിലപാടുകളോടുള്ള പ്രതിഷേധമെന്നോണം വായ് തുന്നിക്കെട്ടിയ കുട്ടിയുടെ കവറോടെയാണ് മാഗസിന്‍ പുറത്തിറക്കിയത്.

കോളജ് പ്രിന്‍സിപ്പാള്‍ ബിന്ദു എം. നമ്പ്യാര്‍ നേരത്തെ ബി.ജെ.പി കൗണ്‍സിലറായി മത്സരിച്ചിരുന്നയാളാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.