| Monday, 11th June 2018, 11:57 pm

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടയം നല്‍കാതെ പഞ്ചായത്ത്; കോളനിവാസികള്‍ ദുരിതത്തില്‍

അന്ന കീർത്തി ജോർജ്

കോലഴി: 18 വര്‍ഷം കഴിഞ്ഞിട്ടും താമസിക്കുന്ന വീടിനും സ്ഥലത്തിനും ഉടമസ്ഥാവകാശം ലഭിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് തൃശൂരിലെ കോലഴി പഞ്ചായത്തിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി കോളനി നിവാസികള്‍. പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങള്‍ക്കു വേണ്ടി 1999ല്‍ പഞ്ചായത്ത് നടപ്പാക്കിയ ഭവനനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ലഭിച്ച വീടിനും മൂന്ന് സെന്റ് സ്ഥലത്തിനുമാണ് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് പട്ടയം അനുവദിച്ചു കിട്ടാത്തത്. പുരയിടത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് ഇപ്പോഴുമുള്ളത്. മാറി മാറി വരുന്ന ഭരണനേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിട്ടും നിരാശയായിരുന്നു ഫലം.

ഇവിടെ താമസിക്കുന്ന മിക്കവാറും കുടുംബങ്ങളും സാമ്പത്തികമായി വളരെയധികം പിന്നോട്ട് നില്‍ക്കുന്നവരാണ്. ഉടമസ്ഥാവകാശം ഇല്ലാത്തതിനാല്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയ വീടൊന്നു പുതുക്കി പണിയാന്‍ ലോണെടുക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ല. “ഈ മഴക്കാലത്തുണ്ടായ കടുത്ത ഇടിമിന്നലില്‍ ചുമരുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ചോര്‍ച്ചയുടെ കാര്യം പറയുകയും വേണ്ട. ബാങ്കില്‍ നിന്നും കടമെടുത്തല്ലാതെ അത്യാവശ്യ അറ്റകുറ്റപണികള്‍ നടത്താനാവില്ല.” കോളനി നിവാസിയായ നാരായണ്‍കുട്ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് പുരയിടത്തിന്റെ ഭാഗമായി കോളനിവാസികളുടെ കയ്യിലുള്ള ഏക രേഖ. ഇതുപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പോലും അപേക്ഷിക്കാനാവുന്നില്ലെന്ന് ഇവര്‍ പറയുന്നു. “ഞങ്ങള്‍ ഓരോ തവണ ചെല്ലുമ്പോഴും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പട്ടയം അനുവദിക്കാതിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍ ചെയ്യാറുള്ളത്. ആദ്യം അഞ്ച് വര്‍ഷം കഴിയുമ്പോള്‍ തരാമെന്നായിരുന്നു പറഞ്ഞത്. അഞ്ച് വര്‍ഷം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ പന്ത്രണ്ട് വര്‍ഷം കഴിഞ്ഞേ ഉടമസ്ഥാവകാശം നല്‍കാന്‍ കഴിയൂ എന്നായി. ഇപ്പോഴാണെങ്കില്‍ പട്ടയം അനുവദിക്കാനാകില്ലെന്നാണ് പറയുന്നത്.” കൂലിപ്പണിക്കാരനായ മധു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

20 കുടുംബങ്ങള്‍ക്കുള്ള വീടും പുരയിടവുമായിരുന്നു പദ്ധതിയുടെ ഭാഗമായി അന്ന് പഞ്ചായത്ത് വിഭാവനം ചെയ്തിരുന്നത്. ഇതില്‍ 17 വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കുകയും ചെയ്തു. ബാക്കിയുള്ള സ്ഥലം അര്‍ഹതപ്പെട്ടവരെ കണ്ടെത്തി നല്‍കാന്‍ പോലും അധികൃതര്‍ ഇതുവരെയും ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് താമസക്കാര്‍ ഒഴിഞ്ഞുപോയ നാല് വീടുകളും നശിച്ചുകൊണ്ടിരിക്കുകയാണ്.

2006ലാണ് കോളനിയിലുള്ളവര്‍ക്ക് വീടിന്റെ അറ്റകുറ്റപണികള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ നിന്നും 10,000 രൂപ ലഭിച്ചത്. അതിനു ശേഷം കോലഴി പഞ്ചായത്തില്‍ നിന്നും മൂന്ന് വീടുകള്‍ക്ക് മാത്രം കുറച്ച് തുക അനുവദിച്ചിരുന്നു. ഇതല്ലാതെ പട്ടികജാതി വികസന ഫണ്ടില്‍ നിന്നോ മറ്റു പദ്ധതികള്‍ വഴിയോ ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് യാതൊരു സഹായവും ഇന്നേവരെ കിട്ടിയിട്ടില്ല. അറ്റകുറ്റപണികള്‍ക്കായി ഒരിക്കല്‍ തുക അനുവദിച്ചാല്‍ എട്ട് വര്‍ഷം കഴിഞ്ഞേ അടുത്ത സഹായ ഫണ്ട് നല്‍കാന്‍ കഴിയൂ എന്നാണ് ഈ വിഷയത്തില്‍ പഞ്ചായത്തിന്റെ വിശദീകരണം.

നിയമതടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ പട്ടയം അനുവദിക്കാന്‍ പഞ്ചായത്ത് തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റും കോളനി ഉള്‍പ്പെടുന്ന വാര്‍ഡിന്റെ മെമ്പര്‍ കൂടിയായ എ.ജെ ഷാജു ഡൂള്‍ന്യൂസിനോട് പറഞ്ഞു. പക്ഷെ, 1999ല്‍ ഈ പദ്ധതി നടപ്പാക്കുന്ന സമയത്ത് പ്രവര്‍ത്തിച്ചിരുന്ന ഭരണസമിതിയുടെ തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ എത്ര വര്‍ഷം കഴിഞ്ഞാണ് പട്ടയം അനുവദിക്കാന്‍ സാധിക്കുക എന്നു വ്യക്തമാവുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസത്തെ പഞ്ചായത്ത് ഭരണസമിതി മീറ്റിംഗില്‍ വെച്ചുതന്നെ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

വര്‍ഷങ്ങളായി തുടരുന്ന പ്രശ്നത്തില്‍ കൃത്യമായ അന്വേഷണം നടത്താനോ മുന്‍വര്‍ഷങ്ങളിലെ ഭരണസമിതിയുടെ രേഖകള്‍ പരിശോധിക്കാനോ പഞ്ചായത്ത് എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല. പട്ടയഭൂമി ക്രയവിക്രയം നടത്താതിരിക്കാനാണ് ഉടമസ്ഥാവകാശം കൊടുക്കാതിരിക്കുന്നതെന്നായിരുന്നു 2005-2010 കാലഘട്ടത്തില്‍ താന്‍ ഇതേ വാര്‍ഡിന്റെ മെമ്പറായിരുന്ന സമയത്ത് പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്ന മറുപടിയെന്നും അതിനാല്‍ അന്ന് തുടര്‍ അന്വേഷണത്തിന് മുതിര്‍ന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

പല പഞ്ചായത്തുകളും ഇതേ കാരണം ചൂണ്ടിക്കാട്ടി പട്ടയം അനുവദിച്ചു നല്‍കാതിരിക്കുന്നത് പതിവാണെന്ന് ആര്യ – ദ്രാവിഡ സാംസ്‌കാരിക സഭ സെക്രട്ടറിയും ഏകതാ പരിഷത്തിന്റെ ജില്ലാ സെക്രട്ടറിയുമായ കെ. സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പതിനെട്ട് വര്‍ഷത്തോളമായതിനാല്‍ ഉടമസ്ഥാവകാശം ലഭിക്കുന്നതില്‍ നിയമതടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും പട്ടയം നല്‍കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ശക്തമായി മുന്നോട്ട് വന്നാല്‍ മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തോടെയെങ്കിലും താമസിക്കുന്ന ഭൂമി സ്വന്തം പേരിലാകുമെന്ന പ്രതീക്ഷയിലാണ് ലാല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി കോളനി നിവാസികള്‍.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more