| Saturday, 6th March 2021, 11:57 am

പെട്രോള്‍ അടിക്കാന്‍ പണം ചോദിച്ച് കവര്‍ച്ച; കഴുത്തില്‍ കത്തിവെച്ച് കവര്‍ന്നത് പണവും രണ്ട് പവന്റെ മാലയുമെന്ന് യുവാവിന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ടിക്കാട്: പെട്രോള്‍ അടിക്കാന്‍ പണം ചോദിച്ചെത്തിയ യുവാക്കള്‍ക്ക് പണം നല്‍കാന്‍ ഗ്ലാസ് താഴ്ത്തിയ യുവാവിനെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവര്‍ന്നു. എറണാകുളം സ്വദേശി ജോജിയുടെ രണ്ട് പവന്റെ മാലയാണ് കവര്‍ന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. എറണാകുളത്തേക്കു യാത്ര ചെയ്യുന്നതിനിടയില്‍ ക്ഷീണം തോന്നിയ ജോജി ദേശീയ പാതയോരത്തെ ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപം വിശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ രണ്ട് യുവാക്കള്‍ കാറിന്റെ ഗ്ലാസില്‍ തട്ടുകയും പെട്രോള്‍ അടിക്കാന്‍ പണം ചോദിക്കുകയും ചെയ്തുവെന്ന് ജോജി പൊലീസിനോട് പറഞ്ഞു.

പേഴ്‌സില്‍ നിന്ന് പണം നല്‍കാന്‍ ഒരുങ്ങുമ്പോള്‍ ഒരാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും പണം മുഴുവന്‍ തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജോജി കത്തി തട്ടിമാറ്റാന്‍ ശ്രമിച്ചതോടെ യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. കത്തി ജോജി ഒടിച്ചുകളഞ്ഞെങ്കിലും മറ്റൊരു കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും ജോജി പറഞ്ഞു.

ഒഴിഞ്ഞുമാറിയെങ്കിലും ജോജിക്ക് ചെറിയ പരിക്കുപറ്റി. വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ഷര്‍ട്ട് കളഞ്ഞതോടെ അക്രമികളിരൊളാള്‍ നിലത്തു വീഴുകയും ചെയ്തു. ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്നയാള്‍ താക്കോല്‍ പിടിച്ചുവലിക്കുകയും കാര്‍ ഓഫാകുകയുമായിരുന്നെന്നും ജോജി പറഞ്ഞു.

തുടര്‍ന്നുണ്ടായ പിടിവലിക്കിടയിലാണ് മാല നഷ്ടപ്പെട്ടത്. ഇതിനിടെ രണ്ടാമനും നിലത്തുവീണെന്നും മറ്റുവാഹനങ്ങള്‍ വരുന്നത് കണ്ട ഇരുവരും എഴുന്നേറ്റ് ഓടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പീച്ചി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷൂക്കൂര്‍ അന്വേഷണ സ്ഥലത്തെത്തി പരിശോധന നടത്തി. സംശയമുള്ള ആളുകളുടെ ടവര്‍ ലൊക്കേഷന്‍ നോക്കി വരികയാണെന്നാണ് പൊലീസ് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Thrissur gold chain theft by youngsters

We use cookies to give you the best possible experience. Learn more