തൃശ്ശൂര്‍: തൃശ്ശൂരില്‍ സമ്പര്‍ക്കത്തിലൂടെ നിരവധിപേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിക്കാനൊരുങ്ങി നഗരസഭ. മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ഉച്ചക്ക് തിരിഞ്ഞ് അടിയന്തര യോഗം ചേരും.
നാല് ചുമട്ടു തൊഴിലാളികള്‍ നാലു ശുചീകരണ തൊഴിലാളികള്‍, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ ചുമട്ടു തൊഴിലാളികള്‍ ജോലിചെയ്തിരുന്ന വെയര്‍ ഹൗസ് അടച്ചു.
കുരിയച്ചിറയിലെ വെയര്‍ഹൗസിലേക്ക് അന്യസംസ്ഥാനത്തു നിന്നും ലോറിയില്‍ നിരവധി സാധനങ്ങളെത്തിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്കും രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. ഇതേ തുടര്‍ന്നാണ് വെയര്‍ഹൗസ് അടച്ചത്.
തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ നാലു ശുചീകരണ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണങ്ങളുണ്ടാകും.
ക്വാറന്റീന്‍ സെന്ററുകളിലും മറ്റും ജോലിചെയ്തിരുന്നതിനാലാണ് ഇവരുടെ സ്രവ സാമ്പിള്‍ പരിശോധിച്ചത്.
അതേസമയം തൃശ്ശൂരില്‍ കര്‍ശന പരിശോധന നേരത്തേയുണ്ടെന്നും എല്ലാ വിഭാഗങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി എ. സി മൊയ്തീന്‍ പറഞ്ഞു.
ജില്ലയില്‍ ഇതുവരെ 145 പൊസിറ്റീവ് കേസുകളാണ് ഉള്ളത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേര്‍ക്കാണ്.
ഇതില്‍ 14 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക