തൃശ്ശൂര്‍: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം മൂലം ഹോം ക്വറന്റൈന്‍ നിര്‍ദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.സി മൊയ്തീനും യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും ഹോം ക്വറന്റൈന്‍ ആവശ്യമില്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ്. ഈ വിവരങ്ങള്‍ കാണിച്ചുള്ള റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.
യോഗത്തില്‍ മന്ത്രിയും ജില്ലാ കളക്ടര്‍ എസ്.ഷാനവാസും ഉള്‍പ്പെടെയുള്ളവര്‍ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹ്യ അകലം പാലിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ് ഇവര്‍ പെടുക.
ഈ യോഗത്തില്‍ പങ്കെടുത്തവരെല്ലാം മുഴുവന്‍ സമയവും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്നും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അത്യാവശമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 12 മുതല്‍ 26 വരെയാണിത്.
പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയോ പോസീറ്റീവാകുകയോ ചെയ്താല്‍ ദ്വിതീയ സമ്പര്‍ക്കത്തിലുള്ളവര്‍ ഹോം ക്വറന്റൈനില്‍ പോകണമെന്നും നിര്‍ദേശിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.