| Wednesday, 15th September 2021, 8:50 am

പാല ബിഷപ്പിനെ പിന്തുണച്ച് തൃശൂര്‍ ഡി.സി.സിയുടെ വാര്‍ത്താകുറിപ്പ്; യു.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ തൃശൂര്‍ ഡി.സി.സി പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ചുള്ള തൃശൂര്‍ ഡി.സി.സിയുടെ വാര്‍ത്താ കുറിപ്പിനെതിരെ യു.ഡി.എഫില്‍ പ്രതിഷേധം.

യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും സദുദ്ദേശത്തോടെ ബിഷപ്പ് നടത്തിയ പ്രസ്താവനയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നായിരുന്നു തൃശുര്‍ യു.ഡി.എഫ് കണ്‍വീനര്‍ കെ.ആര്‍. ഗിരിരാജന്‍ തയ്യാറാക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഗിരിരാജന്‍ ഡി.സി.സി ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ചാണ് ഈ വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയം കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക മെയിലിലൂടെയാണ് പുറത്തുവന്നത്.

അതേസമയം വിഷയത്തില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയ ജില്ല യു.ഡി.എഫ് കണ്‍വീനര്‍ കെ.ആര്‍. ഗിരിജന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അഭിപ്രായമാണ് താന്‍ രേഖപ്പെടുത്തിയത്. യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ക്ക് എതിരഭിപ്രായം ഉണ്ടാകാം. താന്‍ തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പ് ഡി.സി.സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും ഗിരിരാജന്‍ പറഞ്ഞു.

ലവ് ജിഹാദ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഗവണ്‍മെന്റ് ശക്തമായ നടപടി എടുക്കണം എന്നാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്നും വിഷയത്തെ ഫാഷിസ്റ്റ് ശക്തികള്‍ ദുരുപയോഗം ചെയ്തെന്നും ഗിരിരാജന്‍ തയ്യാറാക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പ്രസ്താവനയെ തള്ളി ഡി.സി.സി നേതൃത്വം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില്‍ മുസ്‌ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തു വരുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Thrissur DCC press release in support of Bishop Pala; Thrissur DCC president against UDF convener

We use cookies to give you the best possible experience. Learn more