Environment
ആരോഗ്യസ്ഥിതി മോശമായ ആനയെ തന്നെ എഴുന്നള്ളിപ്പിക്കണമെന്ന വാശിയെന്തിന്?; തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു
ജിതിന്‍ ടി പി
2019 May 08, 12:20 pm
Wednesday, 8th May 2019, 5:50 pm

തൃശ്ശൂര്‍പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കണമെന്ന ആവശ്യത്തിനെതിരെ തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. ആരോഗ്യസ്ഥിതി മോശമായ ഒരു മൃഗത്തെ എഴുന്നള്ളിക്കേണ്ടതില്ലെന്ന കളക്ടറുടെ തീരുമാനം ശരിയാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കളക്ടറുടെ ഭാഗത്ത് നിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശരിയായ നിലപാടാണ് ഉണ്ടായിരിക്കുന്നതെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രിയനന്ദനന്‍

‘ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ള ഒരാനയെ വളരെ പുരുഷാരം വരുന്ന ഒരു സ്ഥലത്തേക്ക് എഴുന്നള്ളിക്കണം എന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. പൂരപ്രേമികള്‍ക്ക് പോലും ഒരു തരത്തിലും അതിനോട് യോജിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.’

തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരത്തില്‍ നിന്ന് വിലക്കിയതില്‍ പ്രതിഷേധിച്ച് മേയ് 11 ന് ശേഷം ആനകളെ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുപ്പിക്കില്ലെന്ന ആന ഉടമകളുടെ തീരുമാനത്തോട് യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ആന ഉടമകളുടെ തീരുമാനം നല്ലതായി എന്നാണ് എനിക്ക് തോന്നുന്നത്. അത് തന്നെയാണല്ലോ മൃഗസ്‌നേഹികളായ ആളുകള്‍ ഇത്രയും നാളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.’

ഇത് സംബന്ധിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് മറ്റെന്തോ കുത്സിതശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്സവങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും ആനകളെ എഴുന്നള്ളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് നടന്‍ ഇര്‍ഷാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സുഖമില്ലാത്ത ആനയെ കൊണ്ട് എഴുന്നള്ളിപ്പിക്കുക എന്നതിനാണല്ലോ എല്ലാവരും വാശിപിടിക്കുന്നത്. ഏതൊരാനയേയും എഴുന്നള്ളിക്കുന്നത് തന്നെ പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. നമുക്ക് വെയിലത്ത് നിന്ന് ചൂട് കൊണ്ടാല്‍ മാറിനില്‍ക്കാവുന്ന അവസ്ഥയുണ്ട്. നമ്മള്‍ മാറിനില്‍ക്കുകയും ചെയ്യും. എന്നാല്‍ ആനകളെ ഇത്തരത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നത് വല്ലാത്ത ദുരന്തം തന്നെയാണ്.’

ഇര്‍ഷാദ്

ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും പേര് പറഞ്ഞ് എത്രയോ കാലങ്ങളായി കൊണ്ടുനടക്കുന്ന കാര്യങ്ങളാണ്. എല്ലാതരത്തിലും ഇതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമായ ജീവിയെ എഴുന്നള്ളത്തിന് വേണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്ന് എഴുത്തുകാരി സാറാ ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ആന ക്ഷീണിതനാണ് എന്ന കാര്യം അംഗീകരിക്കേണ്ടതാണ്. നമുക്ക് പൂരപ്രേമികള്‍ക്ക് ആനപ്രേമമുണ്ട്, ശരിയാണ് ആനയുടെ എഴുന്നള്ളിപ്പ് എല്ലാം നമ്മള്‍ കാര്യമായി കൊണ്ടാടുന്നതുമാണ്. പക്ഷെ ഒരു ജന്തുവിന് സുഖമില്ലാതായാല്‍ അതല്ലെങ്കില്‍ അതിന്റെ അവസ്ഥ മോശമായാല്‍ വീണ്ടും നമ്മള്‍ അതിനെ തന്നെ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ബന്ധപ്പെട്ട വൈദ്യപരിശോധനയിലും ഔദ്യോഗികമായി കളക്ടറുമൊക്കെ തന്നെ വിശ്വസിക്കുന്നത് ആനയെ പൂരത്തിന് എഴുന്നള്ളിക്കാന്‍ പറ്റില്ലെന്നതാണ്. അപ്പോള്‍ ആ ഒരു പരിഗണന എല്ലാ പൂരപ്രേമികളും കാണിക്കുക എന്ന്‌തേ ചെയ്യാനുള്ളൂ. അല്ലാതെ അതിനെ തന്നെ എഴുന്നള്ളിക്കണമെന്ന് വാശിപിടിക്കുന്നത് നമ്മുടെ തന്നെ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ്.’

ആനയ്ക്ക് തിടമ്പേറ്റിയാല്‍ ഭയങ്കര പ്രൗഢിയാണ് എന്നൊക്കെ നമ്മളാണ് പറയുന്നത്. അല്ലാതെ ആന പറഞ്ഞിട്ടില്ല. ആന ചെവിയാട്ടുന്നത് സംഗീതം കേട്ടിട്ടാണ് എന്നൊക്കെ പറയാറുണ്ട്. ജന്തുക്കള്‍ക്ക് അതിനൊക്കെ കഴിവുകളുണ്ടായിരിക്കും. പക്ഷെ നമ്മള്‍ ആരോപിക്കുന്ന വിധത്തിലാണ് അതില്‍ നിന്ന് ആവശ്യപ്പെടുന്നത്.- സാറാ ജോസഫ് പറഞ്ഞു.

സാറാ ജോസഫ്

ആ ജന്തുവിന്റെ ആരോഗ്യാവസ്ഥയും മാനസികാവസ്ഥയും പരിഗണിക്കണം. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ എന്ന കവിത എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. അതൊക്കെ കണക്കിലെടുത്തു് കൊണ്ട് ഇതൊരു വിവാദമാക്കേണ്ട വിഷയമേ അല്ല. സുഖമില്ലെങ്കില്‍ അതിനെ മാറ്റിനിര്‍ത്തുക എന്ന് വൈദ്യരംഗത്തുള്ളവരും കളക്ടറും അധികാരികളും പറയുന്നത് ശരിയാണെന്ന് മനസിലാക്കാനുള്ള ബോധമാണ് സത്യത്തില്‍ പൂരപ്രേമികള്‍ക്ക് ഉണ്ടാകേണ്ടതെന്നും സാറാ ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മനുഷ്യര്‍ക്ക് പോലും ചൂടിനെ അതിജീവിക്കാന്‍ കഴിയിന്നില്ലെന്നിരിക്കെ ആനയെ പോലെ കറുത്ത ആകാരമുള്ള ജീവിയെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തുന്നത് ദ്രോഹമാണെന്ന് ഉത്സവപ്പറമ്പുകളിലും മറ്റും ആനകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറംലോകത്തെത്തിച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ നസീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘തെച്ചിക്കോട്ട് രാമചന്ദ്രനെ കൊണ്ടുതന്നെ എഴുന്നള്ളിക്കണം എന്ന് വാശിപിടിക്കുകയാണ് അവര്‍. കണ്ണിനു സുഖമില്ലായെന്നും പ്രായമായ ആനയാണിതെന്നും എല്ലാം വ്യക്തമായതാണ്. എന്നെ സംബന്ധിച്ച് മനുഷ്യന്റെ ദൈവങ്ങളൊന്നും ജന്തുക്കളുടെ ദൈവങ്ങളല്ല. അതാണല്ലോ ഉത്സവപറമ്പിലും പള്ളിപ്പറമ്പിലുമെല്ലാം പുറത്തിരിക്കുന്നതൊക്കെ എടുത്ത് ആന ഓടുന്നത്.’

തെച്ചിക്കോട്ട് രാമചന്ദ്രന്‍

ഇവര്‍ പറയുന്നത് പോലെ ഇത് ഇണങ്ങിയിട്ടൊന്നുമില്ല. ആന എന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിയുള്ളൊരു ജീവിയാണ്. അത് തന്ത്രത്തില്‍ നില്‍ക്കും അവസരം കിട്ടുമ്പോള്‍ തിരിച്ചടിക്കുകയും ചെയ്യും. തെച്ചിക്കോട്ട് രാമചന്ദ്രന്റെ കാര്യത്തില്‍ നമുക്ക് കൃത്യമായിട്ടറിയാം അത് എത്രപേരെ കൊന്നു എന്നെല്ലാം- നസീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാര്‍ നിലപാടിനെതിരെ ആന ഉടമകള്‍ ഇനി ആനയെ എഴുന്നള്ളിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് നല്ല കാര്യമായാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.എ നസീര്‍

തട്ടുകട ഉദ്ഘാടനത്തിന് വരെ ആനയെ കൊണ്ടുപോകുന്നവരാണ് നമ്മള്‍. ആനയെ ഇങ്ങനെ നിര്‍ത്തിയും മറ്റും സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നവരാണ് മലയാളികള്‍. ഇതിനെതിരെ ശക്തമായി നിലപാടെടുക്കണമെന്നാണ് എന്റെ അഭിപ്രായം- നസീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ആനയില്ലെങ്കിലും പൂരം നടക്കുകയൊക്കെ ചെയ്യും. ഇതൊക്കെ മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെയ് 11 മുതല്‍ ഒരു ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് സംഘടനയുടെ നിലപാട്. ഉത്സവ ആഘോഷങ്ങള്‍ സുഗമമായി നടത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു തീരുമാനമുണ്ടാകുംവരെ ആനകളെ പരിപാടികളില്‍ എഴുന്നള്ളിക്കേണ്ടെന്നാണ് തീരുമാനമെന്ന് ആന ഉടമസ്ഥരുടെ ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന സൂചന നല്‍കുന്ന രീതിയില്‍ വനംമന്ത്രി കെ. രാജു കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആന ഉടമകളുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.