തൃശൂര്‍: പാമ്പാടിയില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ച് നീക്കാന്‍ തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഇന്ന് ജില്ല കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് സ്മാരകം പൊളിച്ച് നീക്കാന്‍ തീരുമാനമെടുത്തത്. സി.പി.ഐ സ്മാരകത്തിനെതിരെ നല്‍കിയ പരാതിയുടെയും തൃശൂര്‍ റൂറല്‍ എസ്.പി യദീഷ് ചന്ദ്ര നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സ്മാരകം പൊളിച്ച് നീക്കാന്‍ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷമാകും പാമ്പാടിയില്‍ എസ്.എഫ്.ഐ സ്ഥാപിച്ച സ്മാരകം പൊളിച്ച് നീക്കുക. പൊതു സ്ഥലത്ത് പണിത സ്മാരകം പൊളിക്കണമെന്ന റവന്യൂ വകുപ്പിന്റെ ഇടപെടലാണ് കളക്ടറുടെ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ ജിഷ്ണു പ്രണോയിക്ക് എസ്.എഫ്.ഐ സ്മാരകം പണിയാന്‍ ആരംഭിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി സി.പി.ഐ പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു. എ.ഐ.ടി.യു.സി ഓഫീസിനു സൈഡിലാണ് സ്മാരകം പണിയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.ഐയുടെ എതിര്‍പ്പ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.ഐ പ്രാദേശിക നേതൃത്വം പഴയന്നൂര്‍ എസ്.ഐയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അഡീഷണല്‍ സബ്ബ് മജിസ്‌ട്രേറ്റ് സ്മാരകം പൊളിച്ച് നീക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പൊതുസ്ഥലത്താണ് സ്മാരകം നില്‍ക്കുന്നതെന്നും ഇത് പൊളിച്ച് നീക്കണമെന്നുമായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.
ജിഷ്ണുവിന്റെ സ്മാരകം എ.ഐ.ടി.യു.സി ഓഫീസിന്റെ മുന്നിലാണെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓഫീസിന്റെ സൈഡിലാണെന്ന വാദം ഉയര്‍ന്നതോടെ അത് പൊളിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് എത്തുകയായിരുന്നു.
ജിഷ്ണു പ്രണോയ് അനുസ്മരണത്തിനെതിരെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കോടതിയെ സമീപിച്ചതും ഈ സമയത്തായിരുന്നു. നെഹ്‌റു മാനേജ്‌മെന്റിന് വേണ്ടിയാണ് സി.പി.ഐയുടെ സ്മാരക വിരുദ്ധ നീക്കമെന്നും ഈ സമയത്ത് ആരോപണം ഉയര്‍ന്നിരുന്നു. സി.പി.ഐ സ്മാരക നിര്‍മ്മാണം തടയാന്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു നെഹ്‌റു കോളേജ് അധികൃതര്‍ പരിപാടി തടയാന്‍ കോടതിയെ സമീപിച്ചിരുന്നത്.
എന്നാല്‍ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന പരിപാടി തടയാന്‍ കഴിയില്ലെന്നായിരുന്നു കോടതി ഉത്തരവിട്ടത്. സി.പി.ഐയുടെ പരാതി ലഭിച്ച സമയത്ത് സ്മാരകം സ്ഥാപിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന നിലപാടായിരുന്നു പൊലീസും സ്വീകരിച്ചിരുന്നത്. എന്നാല്‍ വീണ്ടും വിഷയത്തില്‍ സി.പി.ഐ നേതൃത്വത്തിന്റെ ഇടപെടലുകളുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് വീണ്ടും സ്മാരകം പൊളിച്ച നീക്കാനുള്ള ധാരണയിലേക്ക് എത്തിയതെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ജിഷ്ണു പ്രണോയ് ദിനത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ച സ്മാരകം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ഉദ്ഘാടനം ചെയ്തത്.