തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന നിലപാടിലുറച്ച് തൃശൂര്‍ കളക്ടര്‍ ടിവി അനുപമ. അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്നും തീരുമാനം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ആന അക്രമാസക്തനാണ് അതിനാല്‍ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നത് ശരിയല്ല. 2007 മുതല്‍ നാളിന്ന് വരെ ഏഴ് പേരെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നിട്ടുണ്ട്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്നും കളക്ടര്‍ വ്യക്തമാക്കി.
തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും നേരത്തെ വനംമന്ത്രി കെ. രാജു വ്യക്തമാക്കിയിരുന്നു.
ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ഉള്‍പ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണ്. ഇക്കാര്യത്തില്‍ കേവലം ആവേശ പ്രകടനങ്ങള്‍ക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങള്‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നതെന്നും കെ. രാജു വിശദമായ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് ഒരു ദിവസത്തേക്കെങ്കിലും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജിയെത്തിയിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് മുമ്പ് ഈ മാസം പത്തിന് ഹര്‍ജി പരിഗണിക്കും.