'മുഖ്യമന്ത്രി മുസ്‌ലിം പ്രീണനം നടത്തുന്നു'; വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത
Kerala News
'മുഖ്യമന്ത്രി മുസ്‌ലിം പ്രീണനം നടത്തുന്നു'; വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 10:37 am

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. മുഖ്യമന്ത്രി മുസ്‌ലിം പ്രീണനം നടത്തുകയാണെന്നും പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ മുഴുവന്‍ അവഗണിക്കുകയാണെന്നും അതിരൂപത മുഖപത്രത്തില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമര്‍ശത്തിനെതിരെയും പത്രം രംഗത്തെത്തിയിട്ടുണ്ട്.

യു.ഡി.എഫ് സര്‍ക്കാരിന്റെ മുസ്‌ലിം പ്രീണനം തുടരുകയാണ് ഈ സര്‍ക്കാരും ചെയ്യുന്നതെന്ന് പത്രം വിമര്‍ശിക്കുന്നു.

‘പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യു.ഡി.എഫിന്റെ വര്‍ഗ സ്വഭാവമാണെ’ന്നും നേരത്തെ യു.ഡി.എഫ് ചെയ്ത പ്രീണനം ഇപ്പോള്‍ എല്‍.ഡി.എഫ് തുടരുകയാണ് എന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

കെ. ടി ജലീല്‍ വഴിയാണ് മുസ്‌ലിം പ്രീണനം നടത്തുന്നത്. ഇതിലൂടെ അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും പദവികളും ക്രൈസ്തവ സമുദായത്തിന് നിഷേധിക്കുകയാണെന്നും പത്രം വിമര്‍ശിക്കുന്നു.

മുസ്‌ലിം വിഭാഗത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും കൊടുക്കുകയാണെന്നും പത്രം വിമര്‍ശിക്കുന്നു.

ന്യൂനപക്ഷക്ഷേമ ഫണ്ടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ല, മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമര്‍ശത്തിനെതിരെയും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. ഹാഗിയ സോഫിയ പരാമര്‍ശം തലമറന്ന് എണ്ണ തേക്കലാണെന്നും പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നുമാണ് വിമര്‍ശനം.

ചരിത്രവിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന് ഗുണം ചെയ്യില്ലെന്നും പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യനാകാന്‍ അത് ഇടയാക്കുമെന്നും പത്രം വിമര്‍ശിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thrissur catholic archdiocese against Pinarayi Vijayan