| Saturday, 3rd February 2024, 10:04 am

വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര; മോദിയുടെ ഗ്യാരണ്ടിയെ പരിഹസിച്ച് തൃശൂര്‍ അതിരൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കാലാകാലങ്ങളായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗ്യാരണ്ടികളെ’ പരിഹസിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം. ‘കത്തോലിക്ക സഭ’യുടെ ഫെബ്രുവരി ലക്കത്തിലാണ് മോദിക്കെതിരെ പരിഹാസ ശരങ്ങളെയ്തത്.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 55ല്‍ നിന്ന് 111ലേക്ക് കൂപ്പുകുത്തിയതും 15 ശതമാനം ജനങ്ങളും അതിദാരിദ്ര്യത്തിലാ ണ് കഴിയുന്നതെന്ന നീതി ആയോഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ മറച്ചുവെക്കാനാണ് മോദിയുടെ മാസ്മരികമായ ഗ്യാരണ്ടിയെന്ന് ലേഖനം പരിഹസിക്കുന്നു.

‘കഴിഞ്ഞ മാസം തൃശൂരില്‍ വന്ന് പ്രധാനമന്ത്രി കുറേ ഗ്യാരണ്ടി നല്‍കിയിരുന്നു. മോദി അധികാരത്തില്‍ വന്ന ശേഷം മൂന്നരക്കോടി വീടും 12 കോടി പേര്‍ക്ക് കുടിവെള്ള കണക്ഷനും പത്തുകോടി പേര്‍ക്ക് ഗ്യാസ് കണക്ഷനും 11.72 കോടി കക്കൂസും നല്‍കിയെന്നാണ് അവകാശവാദം.

എന്നാല്‍ പി.ആര്‍ പരസ്യങ്ങളുടെ ഇത്തരം യാഥാര്‍ഥ്യങ്ങളില്‍ സാധാരണക്കാര്‍ സംശയിക്കാനും കാരണമുണ്ട്. ഇതൊക്കെയായിട്ടും ദരിദ്രര്‍ കൂടുകയാണ്.

ഒമ്പതുമാസമായി മണിപ്പൂരില്‍ അക്രമം നടക്കുന്നു. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം നല്‍കിയ വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാണ്. വിദേശത്ത് കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയ പലരും വേണ്ടപ്പെട്ടവരാണെന്ന് വന്നതോടെ അത് മുങ്ങി. എല്ലാം ഉടനെ ശരിയാകുമെന്നും അല്ലെങ്കില്‍ തന്നെ എന്തോ ചെയ്തുകൊള്ളൂ എന്നുമായിരുന്നു നോട്ട് നിരോധന സമയത്തെ ഗ്യാരണ്ടി.

പെട്രോള്‍ ലിറ്ററിന് 50 രൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു മറ്റൊരു ഗ്യാരണ്ടി. എന്നാല്‍ അസംസ്‌കൃത എണ്ണവില പകുതിയായിട്ടും ഇന്ധനവില കൂട്ടി കോര്‍പറേറ്റുകളെ സഹായിക്കുന്നു.

അദാനി- അംബാനിമാരുമായുള്ള ചങ്ങാത്തത്തിനപ്പുറം വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയില്‍ പുറം തിരിഞ്ഞുനിന്ന് ഉറപ്പുകള്‍ മാത്രം നല്‍കിക്കൊണ്ടിരിക്കുന്നു.

മാധ്യമങ്ങളെല്ലാം ഇന്ന് മോദി സ്തുതിയിലാണ്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു ക്ഷേത്രത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അതീവ താത്പര്യവും ആഹ്വാനങ്ങളും ന്യൂനപക്ഷങ്ങളില്‍ സംശയമുണ്ടാക്കുന്നു.

ഇന്ത്യ എന്ന പേര് ബി.ജെ.പി ഉച്ചരിക്കാന്‍ പോലും മടിക്കുന്നു. പുരോഗതിയുടെ നേട്ടം സാധാരണക്കാരിലെത്താനാണ് പ്രധാനമന്ത്രി ഉറ പ്പുനല്‍കേണ്ടത്. അതിലാണ് യഥാര്‍ഥ ഗ്യാരണ്ടി, അല്ലാത്തതെല്ലാം രാഷ്ട്രിയതന്ത്രമാണ്,’ കത്തോലിക്ക സഭ കുറ്റപ്പെടുത്തി.

Content Highlight: Thrissur Archdiocese’s mouthpiece criticize PM Modi

We use cookies to give you the best possible experience. Learn more