കോഴിക്കോട്: തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളിയെ കുറിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിക്കലി തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം അദ്ദേഹം സ്വയം എഴുതിയതായിരിക്കില്ലെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി.
പ്രസ്തുത ലേഖനം അദ്ദേഹത്തിന്റെ പേരില്‍ മറ്റാരെങ്കിലും എഴുതിയതായിരിക്കാമെന്നും ആന്‍ഡ്രൂസ് താഴത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പറഞ്ഞു. ന്യൂസ് മലയാളം 24*7ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ലേഖനം പുറത്തുള്ള ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും സമുദായങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ബി.ജെ.പിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂടാന്‍ ഈ ലേഖനം കാരണമായിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അബ്ദുല്‍ ഹക്കീം അസ്ഹരി ഇക്കാര്യം പറഞ്ഞത്.
‘ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നോട് പറഞ്ഞു, ഒരിക്കലും സാദിക്കലി ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനമല്ല അതെന്ന്. ഈ അച്ചന്‍ എന്തെങ്കിലും എഴുതിക്കൊണ്ട് വന്നിട്ട് പറയും, പിതാവേ… ഞാന്‍ എഴുതിയിട്ടുണ്ടെന്ന്, കൊടുത്തോടാ എന്ന് ഞാന്‍ പറയും.
ഇതുപോലെ ആരെങ്കിലും എഴുതിക്കൊടുത്തതാകാം അത്. അദ്ദേഹം ബോധപൂര്‍വം അങ്ങനെ ഉദ്ദേശിച്ച് എഴുതിയതല്ല എന്ന് ക്രീസ്തീയ സഭയുടെ വലിയ അധ്യക്ഷനാണ് എന്നോട് പറഞ്ഞത്. അത് പുറത്തുള്ളവര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്, എന്നാല്‍ സമുദായങ്ങള്‍ക്കിടയില്‍ ഇത് ചര്‍ച്ചയല്ല,’ അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റായിരിക്കെയാണ് സാദിക്കലി തങ്ങളുടെ പേരില്‍ ചന്ദ്രിക ദിനപത്രത്തില്‍ അയാസോഫിയയിലെ ജുമുഅ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. യുനസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹാഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കിയ തുര്‍ക്കി പ്രസിന്റ് എര്‍ദ്വാഗാന്റെ നടപടിയെ പ്രശംസിച്ച് കൊണ്ടായിരുന്നു ഈ ലേഖനം. യൂറോപ്യന്‍ യൂണിയനുള്‍പ്പടെ എര്‍ദ്വാഗാന്റെ നടപടിക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിലായിരുന്നു സാദിഖലി തങ്ങളുടെ ലേഖനം.
content highlights: Thrissur Archbishop told me that Hagia Sophia epistle was not written by Sadiqali Thangal: Abdul Hakeem Azhari