| Sunday, 28th May 2023, 4:49 pm

പ്രിയദര്‍ശന്‍ ടെംപ്ലേറ്റില്‍ ഒരു ചിരി പടം; അമ്മാവന്മാരുടെ കൂടെ ഒരു 'ഫണ്‍ ഒളിച്ചോട്ടം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛ്യുത് വിനായകിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ത്രിശങ്കു മെയ് 26നാണ് റിലീസ് ചെയ്തത്. അച്ഛ്യുത് വിനായകും അജിത്ത് നായരും തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ നന്ദു, സുരേഷ് കൃഷ്ണ, ഫാഹിം സഫര്‍, കൃഷ്ണ കുമാര്‍, ബാലാജി, ടി.ജി. രവി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

കമിതാക്കളായ സേതുവും മേഘയും ‘ഒളിച്ചോടാന്‍’ തീരുമാനിക്കുന്നു. എല്ലാം പ്ലാന്‍ ചെയ്ത് കൃത്യദിവസം എത്തുമ്പോള്‍ തന്നെ സേതുവിന്റെ വീട്ടില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നു. അത് പരിഹരിക്കാനായി അമ്മാവന്മാരോടൊപ്പം മംഗലാപുരത്തേക്ക് തിരിക്കുന്ന സേതുവിനൊപ്പം മേഘയും പോകാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

പഴയ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കാണുന്ന ഒരു വൈബായിരിക്കും ത്രിശങ്കു പ്രേക്ഷകര്‍ക്ക് നല്‍കുക. തല പോകുന്ന പ്രശ്‌നമാണെങ്കിലും തമാശയുടെ ഫ്‌ളേവറില്‍ അവതരിപ്പിക്കുന്നത് ഒരു പ്രിയദര്‍ശന്‍ സ്റ്റൈലാണ്. വളരെ ഗുരുതരമായ പ്രശ്‌നത്തിലൂടെയാണ് ത്രിശങ്കുവിലെ കഥാപാത്രങ്ങള്‍ കടന്നുപോകുന്നത്. അത് തമാശയുടെ അകമ്പടിയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകന്‍.

ഇമോഷണല്‍ രംഗങ്ങളുള്‍പ്പെടെ കാണുമ്പോള്‍ ചിരി വരും. ഒരു കുടുക്ക് അഴിക്കാന്‍ നോക്കുമ്പോള്‍ കൂടുതല്‍ ഊരാക്കുടുക്കിലേക്കാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ പോകുന്നത്.

മംഗലാപുരത്തേക്കുള്ള ബസ് യാത്രയും ലോഡ്ജിലെ താമസവും പബ്ബിലെ ഡാന്‍സുമൊക്കെ ചേര്‍ന്ന് ഒരു ഫണ്‍ എന്റര്‍ടെയ്‌നര്‍ മോഡിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തിന്റെ മോഡ് സെറ്റ് ചെയ്യുന്നതില്‍ ജയ് ഉണ്ണിത്താന്റെ സംഗീതം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പെര്‍ഫോമന്‍സ് കൊണ്ട് സ്‌കോര്‍ ചെയ്തത് നന്ദുവായിരുന്നു. അന്ന ബെന്‍, അര്‍ജുന്‍, സുരേഷ് കൃഷ്ണ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.

Content Highlight: thrishanku is priyadarshan styled movie

We use cookies to give you the best possible experience. Learn more