|

ഞങ്ങൾക്കിടയിലെ സ്നേഹം ഇന്നും നിലനിൽക്കുന്നു, കാലങ്ങൾക്ക് ശേഷം കണ്ട സുഹൃത്തുക്കളെ പോലെ: തൃഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന നടിയാണ് തൃഷ. വിവിധ ഭാഷകളിൽ സൂപ്പർതാരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള തൃഷയുടെ ഏറ്റവും പുതിയ സിനിമയാണ് ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോ.

ചിത്രത്തിൽ സത്യ എന്ന കഥാപാത്രമായാണ് തൃഷ എത്തുന്നത്. 15 വർഷങ്ങൾക്ക്‌ ശേഷം വിജയിയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ലിയോയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

തങ്ങൾക്കിടയിലെ സ്നേഹവും ബഹുമാനവും എന്നും അതുപോലെ തന്നെയുണ്ടെന്നാണ് വിജയിയെ കുറിച്ച് തൃഷ പറയുന്നത്. 20 വർഷത്തെ കരിയറിൽ താൻ ഏറ്റവും കൂടുതൽ ഒപ്പം യാത്ര ചെയ്ത ഒരാളാണ് വിജയ് എന്നും ലിയോ സിനിമയുടെ സക്സസ് സെലിബ്രേഷനിടയിൽ തൃഷ പറഞ്ഞു.

‘ഒരേ സ്കൂളിൽ പഠിച്ച രണ്ടുപേർ കുറേ വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുകയാണെങ്കിൽ എങ്ങനെയുണ്ടാവും. അതുപോലെയായിരുന്നു ലിയോയിൽ വിജയിയോടൊപ്പം അഭിനയിച്ചപ്പോൾ. എന്നുമുള്ള ആ ബഹുമാനവും സ്നേഹവുമെല്ലാം ഞങ്ങൾക്കിടയിൽ ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് വിജയ്.

20 വർഷങ്ങളായി നീണ്ടു നിൽക്കുന്ന എന്റെ സിനിമാ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഒപ്പം യാത്ര ചെയ്ത ഒരാളാണ് വിജയ്. നമ്മൾ എപ്പോഴും പറയും വീടെന്ന് പറയുന്നത് ഒരു സ്ഥലമല്ല, അതൊരു വ്യക്തിയാണെന്ന്, എന്നെ സംബന്ധിച്ച് ലിയോയുടെ ലൊക്കേഷൻ അങ്ങനെ ആയിരുന്നു.

15 വർഷത്തോളമായി എല്ലാ ആരാധകരും ചോദിക്കുന്ന ഒരു കാര്യമായിരുന്നു എന്നാണ് ഇനി വിജയിയോടൊപ്പം അഭിനയിക്കുകയെന്ന്. എന്റെ ട്വിറ്ററിലും മെസേജിലുമെല്ലാം അതായിരുന്നു ചോദ്യം.

ഇത്ര ഗ്യാപ്പിന് ശേഷം അഭിനയിക്കുമ്പോൾ ആ കെമിസ്ട്രി അതുപോലെ വർക്ക്‌ ആവുമോ എന്നായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. അത് നല്ല രീതിയിൽ വന്നു. ഇത്ര കാലങ്ങൾ കഴിഞ്ഞിട്ടും വിജയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. അതാണ് വിജയിയെ വ്യത്യസ്തനാക്കുന്നതും,’തൃഷ പറഞ്ഞു.

ബോക്സ്‌ ഓഫീസിൽ 500 കോടിയും കടന്ന് മുന്നേറുകയാണ് ലിയോ. വിജയിയ്ക്കും തൃഷയ്ക്കും പുറമേ സഞ്ജയ്‌ ദത്ത്, അർജുൻ സർജ, മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വിജയ് ലോകേഷ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ്. മാസ്റ്റർ ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.

Content Highlight: Thrisha Talk About Vijay