| Monday, 28th August 2023, 9:46 am

ക്രിക്കറ്റ് ഈ ലോകം കീഴടക്കാന്‍ കാരണമിത്; ഫൈനല്‍, 4 വിക്കറ്റ്, 2 പന്തില്‍ ഡിഫന്‍ഡ് ചെയ്ത ഒരു റണ്‍സ്, സൂപ്പര്‍ ഓവര്‍...

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു ക്രിക്കറ്റ് മത്സരത്തിന് ഇത്രത്തോളം ത്രില്ലിങ്ങാകാനും നെഞ്ചിടിപ്പേറ്റാനും സാധിക്കുമോ എന്ന സംശയമായിരിക്കും യു.എസ് മാസ്റ്റേഴ്‌സ് ടി-10 ലീഗിന്റെ ഫൈനല്‍ കണ്ടവര്‍ക്കൊക്കെ ഉണ്ടായിരിക്കുക. ചെയ്‌സിങ്ങില്‍ ഒമ്പതാം ഓവറില്‍ വീണ നാല് വിക്കറ്റും അവസാന രണ്ട് പന്തില്‍ ഡിഫന്‍ഡ് ചെയ്ത രണ്ട് റണ്‍സും സൂപ്പര്‍ ഓവറുമെല്ലാം ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് ആരാധകര്‍ കണ്ടത്.

ന്യൂയോര്‍ക് വാറിയേഴ്‌സും ടെക്‌സസ് ചാര്‍ജേഴ്‌സും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് ആവേശം പരകോടിയിലെത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂയോര്‍ക് പത്ത് ഓവറില്‍ ആറ് വിക്കറ്റിന് 92 റണ്‍സ് നേടി. ഏഴാം നമ്പറിലിറങ്ങി 17 പന്തില്‍ 39 റണ്‍സ് നേടിയ ജോനാഥന്‍ കാര്‍ട്ടറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. തിലകരത്‌നെ ദില്‍ഷന്‍ (12 പന്തില്‍ 18), റിച്ചാര്‍ഡ് ലെവി (13 പന്തില്‍ 17) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടെക്‌സസ് അനായാസ ജയം നേടുമെന്ന് തോന്നിച്ചിരുന്നു. ഓപ്പണര്‍ മുക്താര്‍ അഹമ്മദിനെ ആറ് റണ്‍സിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മുഹമ്മദ് ഹഫീസും ക്യാപ്റ്റന്‍ ബെന്‍ ഡങ്കും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഹഫീസ് 17 പന്തില്‍ 46 റണ്‍സടിച്ചപ്പോള്‍ 12 പന്തില്‍ 20 റണ്‍സായിരുന്നു ഡങ്കിന്റെ സമ്പാദ്യം.

ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ ഡങ്കും 75ല്‍ നില്‍ക്കവെ ഹഫീസും പുറത്തായപ്പോള്‍ തങ്ങളുടെ പ്രതീക്ഷകള്‍ അവസാനിച്ചു എന്ന് ടെക്‌സസ് കരുതിക്കാണില്ല. വിജയിക്കാന്‍ 24 പന്തില്‍ 18 റണ്‍സ് മാത്രം മതിയെന്നിരിക്കെ ടെക്‌സസ് ചീട്ടുകൊട്ടാരം പോലെ വീണു. ശേഷിക്കുന്ന ഏഴ് വിക്കറ്റുകളും അവര്‍ ഈ 24 പന്തിനിടെ വലിച്ചെറിയുകയായിരുന്നു.

ഒമ്പതാം ഓവറിലാണ് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തുടങ്ങിയത്. എട്ടാം ഓവറിന്റെ അവസാനം 82ന് നാല് എന്ന നിലയിലാരുന്നു ടെക്‌സസ്. എന്നാല്‍ സൊഹൈല്‍ ഖാന്‍ പന്തെടുത്തതോടെ കഥ മാറി. വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ആദ്യ രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തിയ സൊഹൈല്‍, നാല്, ആറ് ഡെലിവെറികളിലും വിക്കറ്റ് വീഴ്ത്തി. W, W, 1, W, 1 W എന്നിങ്ങനെയായിരുന്നു ഒമ്പതാം ഓവറില്‍ സൊഹൈലിന്റെ പ്രകടനം.

പാക് ഇതിഹാസം ഷാഹിദ് അഫ്രിദിയാണ് അവസാന ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്തില്‍ ഡോട്ട് ആയപ്പോള്‍ രണ്ട്, മൂന്ന് പന്തുകളില്‍ ടെക്‌സസ് സിംഗിള്‍ നേടി. നാലാം പന്തില്‍ സൊഹൈല്‍ തന്‍വീര്‍ സിക്‌സര്‍ നേടിയതോടെ സ്‌കോര്‍ ലെവലായി.

എന്നാല്‍ തൊട്ടടുത്ത രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തിയ അഫ്രിദി മത്സരം സമനിലയിലാക്കി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ടെക്‌സസ് 15 റണ്‍സ് നേടിയ. സൊഹൈല്‍ ഖാനായിരുന്നു പന്തെറിഞ്ഞത്.

എന്നാല്‍, ആറ് പന്തില്‍ 16 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ ന്യൂയോര്‍ക്കിന് 13 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഒടുവില്‍ വിറച്ചെങ്കിലും അര്‍ഹിച്ച വിജയം ടെക്‌സസ് സ്വന്തമാക്കുകയായിരുന്നു.

Content Highlight: Thrilling moments of US Master’s T10 Final

We use cookies to give you the best possible experience. Learn more