| Thursday, 2nd May 2019, 7:08 pm

പ്രഥമദൃഷ്ട്യാ കള്ളവോട്ട് തെളിഞ്ഞു; തൃക്കരിപ്പൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകന്‍ ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രഥമദൃഷ്ട്യാ കള്ളവോട്ട് തെളിഞ്ഞെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

48ാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ കള്ളവോട്ട് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശം ഉണ്ട്.

ശ്യംകുമാര്‍ രണ്ടുതവണ വോട്ടുചെയ്തതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വൈകിട്ട് 6.20 നും 7.26 നും ശ്യാംകുമാര്‍ വോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. കാസര്‍കോട് കളക്ടറിന്റെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് കേസെടുക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്.

കണ്ണൂര്‍ പിലാത്തിറയിലെ കള്ളവോട്ട് കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.
കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി.സലീന, മുന്‍ അംഗം കെ.പി.സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. പിലാത്തറ എയുപി സ്‌കൂളിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ ഇവര്‍ കള്ളവോട്ട് ചെയ്യുന്നത് വിഡിയോ ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.

ആള്‍മാറാട്ടം, മറ്റൊരാളുടെ തിരഞ്ഞെടുപ്പവകാശം ഹനിക്കല്‍ തുടങ്ങി ഒരുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി.

We use cookies to give you the best possible experience. Learn more