കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
ബി.ജെ.പി ദേശീയ അധ്യക്ഷനായ ജെ.പി നദ്ദയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തൃക്കാക്കരയില്‍ ബി.ജെ.പി വാശിയേറിയ മത്സരത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
15,000 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും ബി.ജെ.പി നേടിയത്. സഭയുടെയും വിശ്വാസികളുടേയും വോട്ട് നിര്‍ണായകമായ മണ്ഡലത്തിന് പരിചിതമായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വഴി വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇതോടെ തൃക്കാക്കര ത്രികോണ പോരിനൊരുങ്ങുകയാണ്.
അതേസമയം എ.എ.പി ട്വന്റി-ട്വന്റി സഖ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നുമുള്ള സൂചനകളുമുണ്ട്.
മണ്ഡലത്തില്‍ ഇരുമുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കും. പി.ടി തോമസിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ സഹതാപതരംഗം സൃഷ്ടിക്കാന്‍ കൂടിയാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.
ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫാണ് മത്സരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് ഇടതുമുന്നണിക്കായി തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് അറിയിച്ചിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.