| Tuesday, 3rd May 2022, 7:12 pm

'ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര'; ഉപതെരഞ്ഞെടുപ്പിന് ടാഗ് ലൈനുമായി എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ടാഗ് ലൈനുമായി എം. സ്വരാജ്. ‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ എന്ന പോസ്റ്റാണ് സ്വരാജ് പങ്കുവെച്ചത്.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നോട്ടുവെച്ച ‘ഉറപ്പാണ് എല്‍.ഡി.എഫ്’ ടാഗ് ലൈന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് പുതിയ ടാഗ് ലൈനിലൂടെ മുന്നോട്ടുവെക്കുന്നത്. മെയ് 31 നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

തൃക്കാക്കരയില്‍ മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും എല്‍.ഡി.എഫിന്റേതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു. കേരളം വികസന കുതിപ്പിലാണ്. എല്‍.ഡി.എഫ് സീറ്റ് മൂന്നക്കം കടക്കുമെന്നും സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും എല്‍.ഡി.എഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. കെ റെയില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ച വികസനത്തിന്റെ കരുത്ത് കൂട്ടും. സില്‍വര്‍ ലൈന്‍ ജനവികാരം അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി. ജയരാജനാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.സ്വരാജും പി.രാജീവും മണ്ഡലത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച എ.എല്‍.എ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കും.

Content Highlights: Thrikkakkara by election new tagline; m Swaraj

We use cookies to give you the best possible experience. Learn more