കൊച്ചി: തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടര്‍മാരാണ് ഇന്ന് തൃക്കാക്കരയില്‍ വിധിയെഴുതുന്നത്. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്.
കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം. കള്ളവോട്ട് തടയാന്‍ ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
ബൂത്തുകല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആകെയുള്ള 239 ബൂത്തുകളില്‍ അഞ്ചെണ്ണം മാതൃക ബൂത്തുകളാണ്. ബൂത്തുകളില്‍ ഒന്ന് പൂര്‍ണമായും വനിതകളായിരിക്കും നിയന്ത്രിക്കുക. 956 ഉദ്യോഗസ്ഥരെയാണ് തൃക്കാക്കരയില്‍ നിയോഗിച്ചിരിക്കുന്നത്.
തൃക്കാക്കര ജനത പോളിംഗ് ബൂത്തിലെത്താനിരിക്കെ വിജയം അവകാശപ്പെടുകയാണ് പ്രമുഖ മുന്നണികള്‍. പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമക്ക് കിട്ടുമെന്നാണ് യു.ഡി.എഫ് കണക്ക്.
അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സി.പി.ഐ.എം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്. ബി.ജെ.പി വോട്ടുകള്‍ 20,000 കടന്നാല്‍ ഭൂരിഭക്ഷം കൂടുമെന്നും എല്‍.ഡി.എഫ് അവകാശപ്പെടുന്നു.