| Thursday, 2nd June 2022, 10:57 am

പി.ടിക്കായി ഭക്ഷണം മാറ്റിവെക്കുന്നത് എന്റെ സ്വകാര്യത: സൈബര്‍ ആക്രമണത്തിനെതിരെ ഉമാ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്.

പി.ടി. തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഇത്തരം സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

ചിതയില്‍ ചാടേണ്ടതിന് പകരം രാഷ്ട്രീയത്തില്‍ ചാടിയെന്ന് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണമെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്നും ഉമാ തോമസ് പറഞ്ഞു. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ല. കള്ളവോട്ട് നടന്നെങ്കിലും യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് അവര്‍ വ്യക്തമായി.

സര്‍ക്കാരിന്റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമാ തോമസ് പറഞ്ഞു.

ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത സി.പി.ഐ.എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യയും ഡോക്ടറുമായ ദയ പാസ്‌കലിന്റെ പ്രതികരണം തേടിക്കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

‘കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള്‍ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത്’ എന്ന് രാഹുല്‍ ചോദിക്കുന്നു.

ബംഗാളിലും ഇത്തരത്തില്‍ സ്വയം കടന്നലുകള്‍ എന്ന് അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകള്‍ ഉണ്ടായിരുന്നു. അവരെ ‘തെരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചുവെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും 12 മണിയോടെ അന്തിമഫലവും അറിയാനാകും.

തൃക്കാക്കരയില്‍ വന്‍ ജയപ്രതീക്ഷയിലാണ് മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍.പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക.

പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

Content Highlights: Thrikkakara by-election UDF candidate Uma Thomas responds to cyber harassment on social media

We use cookies to give you the best possible experience. Learn more