| Friday, 20th January 2017, 8:22 am

കൂലി എഴുത്തുകാരെ നിങ്ങള്‍ എഴുതുന്ന ദുഷിപ്പില്‍ എന്റെ മാനം നഷ്ടപ്പെടുകയില്ല: മംഗളത്തിനും കേരള കൗമുദിക്കുമെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസറുടെ തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


പെരിയാര്‍ വിഷമയമാക്കുന്ന കമ്പനികള്‍ക്കനുകൂലമായി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് മംഗളവും കൗമുദിയും അദ്ദേഹത്തിനെതിരെ കൂലിക്കെഴുതുന്നതെന്നും ഹരീഷ് പ്രതികരിച്ചു. പെരിയാര്‍ വിഷമയമാക്കുന്നവരുടെ എച്ചില്‍ വാങ്ങി നക്കി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്കുള്ള മറുപടിയാണ് തൃദീപിന്റെ കത്തെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.


കൊച്ചി: തന്നെ അപമാനിച്ച് കൊണ്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു എന്നാരോപിച്ച് മംഗളം, കേരള കൗമുദി ദിനപത്രങ്ങളുടെയും കലാകൗമുദി ആഴ്ചപ്പതിപ്പിന്റെയും പത്രാധിപന്‍മാര്‍ക്ക് എന്‍വയണ്‍മെന്റല്‍ എഞ്ചിനിയറുടെ തുറന്ന കത്ത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏലൂര്‍ മേഖലയുടെ പരിസ്ഥിതി എഞ്ചിനീയര്‍ എം.പി തൃദീപ് കുമാറാണ് മംഗളത്തിനും കേരളാ കൗമുദിക്കുമെതിരെ കത്ത് എഴുതിയിരിക്കുന്നത്.


Also read ജിഷ്ണുവിന്റെ മുഖത്ത് മൂന്ന് മുറിവുകള്‍: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


താന്‍ വന്‍കിട കമ്പനികളുടെ മലിനീകരണത്തിനെതിരെ സ്വീകരിക്കുന്ന നടപടികളെ  തുടര്‍ന്ന് തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്നു ചോദിച്ചാണ് തൃദീപിന്റെ കത്ത്. പല വന്‍കിട കമ്പനികളുടെയും മലിനീകരണത്തിെതിരെ ഉത്തരവാദിത്വത്തോടുകൂടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് പൊതു ജനത്തെ യജമാന സ്ഥാനത്ത് കാണുന്നതുകൊണ്ടാണെന്നും തൃദീപ് കുമാര്‍ കത്തിലൂടെ പറയുന്നു.

എന്നാല്‍ മംഗളത്തിലൂടെയും കേരളാ കൗമുദി, കലാ കൗമുദി തുടങ്ങിയ പ്രസീദ്ധീകരണങ്ങളിലൂടെയും തനിക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ നമ്മുടെ നാടിന് സ്വാതന്ത്രം കിട്ടിയില്ലെന്ന് സംശയിപ്പിക്കുന്നതാണ്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ ഏത് ഭരണ സംവിധാനങ്ങളെയും അധികാരികളെയും ആശ്രിതരാക്കാം എന്നും അതിന് നില്‍ക്കാത്തവരെ താറടിയ്ക്കുവാന്‍ മാധ്യമങ്ങളെ ലഭിക്കുമെന്നും മനസ്സിലായെന്നും തൃദീപ് പറയുന്നു.  നിങ്ങള്‍ കൂലിക്കെഴുതിക്കോളു എന്നു പറഞ്ഞ തൃദീപ് കുമാര്‍ പ്രസിദ്ധീകരണങ്ങളോട് നിങ്ങളുടെ ലക്ഷ്യം എന്താണെും ചോദിക്കുന്നു.

1. എന്റെ ഞാനറിയാത്ത ജീവചരിത്രം എഴുതലോ ?

2. സമസ്തരും വഴങ്ങിയിട്ടും യജമാനനു വഴങ്ങാത്തവനെ കപട പരിസ്ഥിതി വാദികളോടൊപ്പം ചേര്‍ക്കാനോ ?

3. ദക്ഷിണേന്ത്യ, ഉത്തരേന്ത്യ, വിദേശ ലോബികളുടെ ആളാക്കി ചിത്രീകരിക്കാനോ ?

4. ഭീകര പ്രവര്‍ത്തകനായി ചിത്രീകരിക്കാനോ ?

5. സകല ദുര്‍ഗുണ സമ്പന്നനാക്കി മാറ്റാനോ ?


ഒരാള്‍ക്ക് മുന്നിലും വഴങ്ങില്ലെന്നും പറയുന്ന തൃദീപ് യജമാനന്‍ മാര്‍ക്ക് വേണ്ടി എഴുതുന്ന നിങ്ങള്‍ക്ക് കാലവും സത്യവും മാപ്പ് തരില്ല എന്നു പറഞ്ഞാണ് കത്തവസാനിപ്പിക്കുന്നത്.

വിഷയത്തില്‍ തൃദീപ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും കൂലിക്കെഴുതുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചും ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. നമ്മുടെ നാട്ടിലെ പുഴകളും ജലാശയങ്ങളും മലിനമാക്കുന്നതില്‍ വന്‍കിടക്കാര്‍ക്കെതിരെ മൗനം പാലിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. അവര്‍ക്കിടയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന നട്ടെല്ലുള്ള ഒരുദ്യോഗസ്ഥനാണ് തൃദീപ് കുമാര്‍. പെരിയാര്‍ വിഷമയമാക്കുന്ന കമ്പനികള്‍ക്കനുകൂലമായി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് മംഗളവും കൗമുദിയും അദ്ദേഹത്തിനെതിരെ കൂലിക്കെഴുതുന്നതെന്നും ഹരീഷ് പ്രതികരിച്ചു. പെരിയാര്‍ വിഷമയമാക്കുന്നവരുടെ എച്ചില്‍ വാങ്ങി നക്കി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്കുള്ള മറുപടിയാണ് തൃദീപിന്റെ കത്തെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more