| Wednesday, 27th October 2021, 2:39 pm

വെട്ടുകത്തിയുമായി ഭര്‍ത്താവ് കൊല്ലാന്‍ നില്‍ക്കുന്നെന്ന് യുവതിയുടെ ഫോണ്‍ സന്ദേശം; സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ഫാനില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഭര്‍ത്താവിനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: വെട്ടുകത്തിയുമായി തന്നേയും മക്കളേയും കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നെന്ന് പറഞ്ഞുള്ള യുവതിയുടെ ടെലിഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് രക്ഷിക്കാനായി എത്തിയ പൊലീസുകാര്‍ കണ്ടത് ഫാനില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഭര്‍ത്താവിനെ.

തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്ക് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി ലഭിച്ചത്. ‘അയാള്‍ വെട്ടുകത്തി കൈയില്‍ പിടിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വേഗം വന്ന് ഞങ്ങളെ രക്ഷിക്കണേ’ എന്നായിരുന്നു സന്ദേശം.

ഉടന്‍ തന്നെ പട്രോളിങ്ങിലുണ്ടായിരുന്ന എസ്.ഐ ബാബുവും സിവില്‍ പൊലീസ് ഓഫീസര്‍ കെ.കെ. ഗിരീഷും സ്ഥലത്തെത്തി. പൊലീസ് എത്തുന്നതും കാത്ത് വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു യുവതി.

സ്ഥിരം മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ഇപ്പോള്‍ എവിടെയാണെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ചോദിച്ചപ്പോള്‍ മുറിക്കകത്ത് കയറി ഇരിക്കുകയാണെന്ന് യുവതി അറിയിച്ചു.

തുടര്‍ന്ന് ഇയാളെ അന്വേഷിച്ച് മുറിക്കകത്തേക്ക് കയറിയപ്പോള്‍ മുറി ഉള്ളില്‍ നിന്നും പൂട്ടിയതായി മനസിലായി. തുടര്‍ന്ന് പൊലീസുദ്യോഗസ്ഥനായ ഗിരീഷ്, ജനല്‍ പാളികള്‍ക്കിടയിലൂടെ മുറിലേക്ക് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നയാളെയാണ് കണ്ടത്.

ഉടന്‍ തന്നെ വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസുകാര്‍ മുറിക്കുള്ളില്‍ കയറി. കയറില്‍ തൂങ്ങി പിടയുകയായിരുന്ന ഇയാളെ കെട്ട് അറുത്തുമാറ്റി താഴെ ഇറക്കി ഉടന്‍ പൊലീസ് ജീപ്പില്‍ കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാനായതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായി. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവസരോചിതമായി കൃത്യനിര്‍വഹണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തൃശൂര്‍ സിറ്റി പൊലീസ് അഭിനന്ദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Thrichur Police save a Young men Life

We use cookies to give you the best possible experience. Learn more