കല്പറ്റ: ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. കുട്ടിയുടെ പിതാവായ അഞ്ചുകുന്ന് വൈശ്യമ്പത്ത് വീട്ടില്‍ വി.എ അല്‍ത്താഫ് (45), കുട്ടിയെ ചികിൽസിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി വീട്ടില്‍ ജോര്‍ജ് (68) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
മനഃപൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
കഴിഞ്ഞ മാസം ഒമ്പതാം തീയ്യതി ഉച്ചയോടെയായിരുന്നു ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുട്ടിയെ അവിടെ പീഡിയാട്രിക്ക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു.
കുട്ടിക്ക് ഫസ്റ്റ് ഡിഗ്രി പൊള്ളലാണ് ഉള്ളതെന്നും, പീഡിയാട്രിക് സര്‍ജന്റെ അടുത്തെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചാണ് ഡോക്ടര്‍ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തത്.
എന്നാൽ കുട്ടിയുടെ പിതാവ് സ്വന്തം താത്പര്യ പ്രകാരം കുട്ടിയെ വൈദ്യന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് വൈദ്യന്റെ നേതൃത്വത്തിൽ ചികിത്സ ആരംഭിക്കുകയായിരുന്നു.
എന്നാൽ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. അയൽവാസികൾ നിർബന്ധിച്ചതിനെ തുടർന്നായിരുന്നു വീണ്ടും ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ജൂൺ 20 ന് വൈകീട്ട് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
യഥാസമയം ശരിയായ ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടുമായിരുന്ന കുട്ടിക്ക് അശാസ്ത്രീയ ചികിത്സ നടത്തുകയായിരുന്നു വൈദ്യന്‍ ജോര്‍ജ് എന്ന് പൊലീസ് പറഞ്ഞു. ചികിത്സക്ക് എത്തിക്കാതിരുന്ന പിതാവിന്റെ മനോഭാവവും കുഞ്ഞിന്റെ മരണത്തിന് കാരണമായതായി പൊലീസ് പറഞ്ഞു.
Content Highlight: Three-year-old boy died without treatment: father and doctor arrested