കൊൽക്കത്ത: കൊൽക്കത്തക്കടുത്ത് ബന്തല ലെതർ കോംപ്ലക്‌സിലെ മാൻഹോളിലെ മലിനജലവും രാസമാലിന്യവും വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു.
കൊൽക്കത്ത ഉൾപ്പെടെയുള്ള ആറ് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ ആളുകളെ വെച്ചുള്ള തോട്ടിപ്പണിയും മലിനജല ശുചീകരണവും പൂർണമായി നിരോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് മരണങ്ങൾ നടന്നത്.
ഫർസെം ഷെയ്ഖ്, ഹാഷി ഷെയ്ഖ്, സുമൻ സർദാർ എന്നിവരാണ് മരണപ്പെട്ടത്. മൂവരും മുർഷിദാബാദ് ജില്ലയിൽ നിന്നുള്ളവരാണ്. തൊഴിലാളികൾ വീണ് നാല് മണിക്കൂറുകൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുമെന്ന് പ്രദേശം സന്ദർശിച്ച കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും പറഞ്ഞു.
രാവിലെ ഒമ്പത് മണിക്കായിരുന്നു തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാസമാലിന്യം വൃത്തിയാക്കുന്നതിനിടെ പൈപ്പ് പൊട്ടി അവർ 10 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. മുങ്ങിമരിച്ചതാണോ വിഷപദാർത്ഥങ്ങളുടെ സമ്പർക്കം മൂലമാണോ മരണകാരണമെന്ന് ഇതുവരെ വ്യക്തമല്ല.
ആറ് മെട്രോപൊളിറ്റൻ നഗരങ്ങളിൽ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും അഴുക്കുചാൽ വൃത്തിയാക്കലും ഉടൻ നിരോധിക്കണമെന്ന് ജനുവരി 29 ബുധനാഴ്ച സുപ്രീം കോടതി നിർദേശിച്ചിരുന്നു.
മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിക്കാരുടെ തൊഴിൽ, ഡ്രൈ ലാട്രിനുകളുടെ നിർമാണം (നിരോധനം ) നിയമം 1993, മാനുവൽ തോട്ടിപ്പണി തൊഴിൽ നിരോധനം, പുനരധിവാസം നിയമം 2013 എന്നിവ ചൂണ്ടിക്കാട്ടി ഡോ.ബൽറാം സിങ് സമർപ്പിച്ച പൊതുതാത്പര്യ ഹരജിയെ തുടർന്നാണ് സുപ്രീം കോടതിയുടെ വിധി.
ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ തൻറെ കോടതി നിരാശ പ്രകടിപ്പിച്ചിരുന്നു. നടപ്പാക്കപ്പെടാതെ കിടക്കുന്ന ഉത്തരവുകൾ പുറപ്പെടുവിച്ച് മടുത്തു എന്നായിരുന്നു കോടതി പറഞ്ഞത്.
Content Highlight: Three Workers Die While Cleaning Sewage at Leather Complex Near Kolkata