കോഴിക്കോട്: എം.എസ്.എഫിന്റെ സംസ്ഥാന കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എച്ച് ആയിശ ബാനു, റുമൈസ റഫീഖ്, അഡ്വ.കെ. തൊഹാനി എന്നിവരെയാണ് ഭാരവാഹികളായി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് സംസ്ഥാനതലത്തില്‍ എം.എസ്.എഫിന് വനിതാ ഭാരവാഹികള്‍ വരുന്നത്.
നിലവില്‍ എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആയിഷബാനുവിനെ വൈസ് പ്രസിഡന്റായും റുമൈസ റഫീഖിനെയും അഡ്വ. തൊഹാനിയയെ സെക്രട്ടറിമാരായുമാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ ഫാത്തിമ തെഹ്‌ലിയ ദേശീയ വൈസ് പ്രസിഡന്റ് ആയിട്ടുണ്ട്.
എം.എസ്.എഫിന്റെ സംസ്ഥാന കമ്മിറ്റികളില്‍ ചില ഒഴിവുകള്‍ ഉണ്ടായിരുന്നെന്നും അവ നികത്തുന്ന സമയത്ത് പെണ്‍കുട്ടികളുടെ കൂടി പ്രാധിനിധ്യം വേണമെന്ന തങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് മൂന്ന് പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കിയിരിക്കുന്നതെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥി യുവജന പങ്കാളിത്തം പെണ്‍കുട്ടികള്‍ക്കും നല്‍കുമെന്ന് പത്തംഗ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യപടിയായി എം.എസ്.എഫ് അത് ആരംഭിക്കുക മാത്രമാണിപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Three women were elected to the state commitee of Msf