ചേലാകര്‍മ്മത്തിന് ഇരയായതിന്റെ അനുഭവം പങ്കുവെച്ച് മൂന്ന് സ്ത്രീകള്‍. പെണ്‍ ചേലാകര്‍മ്മ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ദ സ്‌ക്രോള്‍ തയ്യാറാക്കിയ വീഡിയോ അഭിമുഖത്തിലാണ് മൂന്ന് സ്ത്രീകള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചത്.
സലേഹ പാട്വാല (മാധ്യമപ്രവര്‍ത്തക)
“മുത്തശ്ശി പറഞ്ഞത് അതൊരു മാംസപിണ്ഡം പോലെയാണെന്നാണ്. ഹറാമായ മാംസപിണ്ഡം. എനിക്കന്ന് ഏഴുവയസായിരുന്നു. മുത്തശ്ശി ഞങ്ങളുടെ വീട്ടിലേക്കു വന്നു. വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു അവിടെ. എന്നെപ്പോലുള്ള ഒരുപാട് കുട്ടികളും. അവരുമായി ചങ്ങാത്തം കൂടാം, കളിക്കാം എന്നൊക്കെയായിരുന്നു എന്റെ ചിന്ത.
അവിടെ ഒരു സ്ത്രീമാത്രമുള്ള ഒരിടത്ത് ഞങ്ങളെ കൊണ്ടുപോയി. ഒരു മണിക്കൂറോളം ഞങ്ങള്‍ അവിടെ ഇരുന്നു. മറ്റൊരു സ്ത്രീ ഞങ്ങളെ മുകളിലത്തെ നിലയിലേക്കു കൊണ്ടുപോയി. അവിടെ ചെറിയൊരു മുറിയുണ്ടായിരുന്നു. വളരെ ചെറിയ മുറി. ഒരിരുട്ടുമുറി.
അവിടെ ഒരു കട്ടിലില്‍ ഇരുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. മറ്റേ സ്ത്രീ ഒരു പരുക്കന്‍ തുണിയും ബ്ലെയ്ഡും എടുത്തു വന്നു. ചെറിയ കുട്ടിയായതുകൊണ്ടുതന്നെ ഞാന്‍ മുത്തശ്ശി പറഞ്ഞതെല്ലാം വിശ്വസിച്ചു. പിന്നീട് സംഭവിച്ച കാര്യം വലിയൊരു ആഘാതമായിരുന്നു എനിക്ക്. അവര്‍ എന്നെ നിലത്തു കിടത്തി കയ്യും കാലും പിടിച്ച് പൂട്ടി. മറ്റേ സ്ത്രീ എന്റെ അടിവസ്ത്രം വലിച്ചൂരിയശേഷം ബ്ലെയ്ഡ് ഉപയോഗിച്ച് എന്റെ കാലിനിടയിലെ എന്തോ മുറിച്ചു. ഞാന്‍ വേദനകൊണ്ട് നിലവിളിച്ചു. എന്താണ് എനിക്കു സംഭവിച്ചത്? ആ വേദന ഒട്ടും സഹിക്കാന്‍ വയ്യാത്തതായിരുന്നു. എനിക്കിപ്പോഴും അത് അനുഭവിക്കാം. അതോര്‍ക്കുമ്പോള്‍ തന്നെ കരഞ്ഞുപോകും. അവരെല്ലാം ചിരിക്കുകയായിരുന്നു. പരസ്പരം അഭിനന്ദിക്കുകയായിരുന്നു. അവളുടെ ചേലാകര്‍മ്മം കഴിഞ്ഞിരിക്കുന്നു.”
ഉമ്മുല്‍ റണാല്‍വി (സംരംഭക)
ഈജിപ്ത്, യെമന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്കു വന്ന മിഷനറിമാര്‍ ഗുജറാത്തിലെ കച്ചവടക്കാരെ ബോറകളായി മതപരിവര്‍ത്തനം നടത്താന്‍ തുടങ്ങി. ബെഹന്തി ബസാറില്‍ ചെറിയൊരു മുറിയുണ്ട്. അവിടെ ചെറിയ ചില സംസാരങ്ങള്‍ക്കുശേഷം നിങ്ങളുടെ അടിവസ്ത്രം താഴ്ത്തും. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. ചിന്തിച്ച് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനു മുമ്പ് നമ്മുടെ കൈകാലുകള്‍ കെട്ടിയിടും. പീന്നീട് അത് നടത്തും. ആ ദിവസം ഞാനനുഭവിച്ച വേദന!
ആ ലൈംഗിക അതിക്രമം നമുക്ക് മായ്ച്ചുകളയാനാവില്ല.
തന്‍സീമ രണാല്‍വി (പബ്ലിഷര്‍)
പുരുഷന്മാര്‍ പലപ്പോഴും കച്ചവടത്തിനും മറ്റുമായി പുറത്തായിരിക്കും. ദിവസങ്ങളോളം വീടുവിട്ടുനില്‍ക്കേണ്ടിവരും. വീട്ടിലുള്ള സ്ത്രീകള്‍ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ലൈംഗിക താല്‍പര്യങ്ങള്‍ നിയന്ത്രിക്കേണ്ടിവരുന്നു. ആ സ്ത്രീ എന്നോട് കിടക്കാന്‍ പറഞ്ഞു. മറ്റുകഥയെല്ലാം ഒരേ പോലെ. മാനസികമായും ശാരീരികമായും.
ഒരു കുട്ടിക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. ആരോഗ്യകരമായ ജീവിതം അവളില്‍ നിന്നും പിടിച്ചുപറിക്കുകയാണ്.
അണുബാധ, പ്രശ്നങ്ങള്‍, ബ്ലീഡിങ് എല്ലാം അവളെ കാത്തിരിക്കുന്നു.