| Thursday, 30th November 2017, 4:22 pm

ചൊറിയുകയില്ല ഈ നായ്ക്കുരണ; ആരും കടന്നു ചെല്ലാത്ത കൃഷിയില്‍ വിജയവേട്ടയുമായി പടിയൂരിലെ സ്ത്രീ കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നായ്ക്കുരണയെന്ന പേരു കേട്ടാല്‍തന്നെ നമ്മളില്‍ പലര്‍ക്കും ചെറിയൊരു ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. നായ്ക്കുരണച്ചെടിയുടെ സമീപത്ത് കൂടെ പോവുമ്പോള്‍ നായ്ക്കുരണ മുട്ടിയോയെന്ന സംശയത്തില്‍ ചൊറിച്ചില്‍ അനുഭപ്പെടുന്നവരും ഉണ്ട്. എന്നാല്‍ ചൊറിയന്‍ കായയെന്ന ഈ നായ്ക്കുരണയെ ഉപജീവന മാര്‍ഗ്ഗമായി മാറ്റിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമത്തിലെ നാലു സ്ത്രീകള്‍.

പടിയൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് നായ്ക്കുരണ കൃഷിയില്‍ വേറിട്ട വിജയഗാഥ രചിക്കുന്നത്. ജെ.എല്‍.ജി ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിടിയോടിയിലെ “അനുപമ കുടുംബശ്രീ” അംഗങ്ങള്‍ പുത്തന്‍ കൃഷി രീതിയിലേക്കിറങ്ങിയത്.

നായ്ക്കുരണപ്പൊടിയുടെ ഔഷധ ഗുണവും വിപണന സാധ്യതയും മനസിലാക്കിയ മാളു, സരസ്വതി, രാധ, ലക്ഷ്മി എന്നീ നാലു പേരാണ് അധികമാരും കടന്നുചെല്ലാത്ത കൃഷിരീതിയിലൂടെ വിജയം നേടുന്നത്. നായ്ക്കുരണ കൃഷിയുടെ ബാലപാഠങ്ങള്‍ മാത്രം മനസിലാക്കി കൃഷിക്കിറങ്ങിയ ഇവര്‍ ആദ്യം വര്‍ഷം മുതല്‍ ഇരട്ടിലാഭമാണ് ഇതിലൂടെ സ്വന്തമാക്കുന്നത്.

രണ്ടേക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്താണ് ഈ സ്ത്രീ കൂട്ടായ്മയുടെ വിജയഗാഥയെന്ന് പടിയൂര്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ശ്രീജ പറയുന്നു. “നാലുവര്‍ഷത്തോളമായി ഇവര്‍ ഈ കൃഷിയിലേക്ക് ഇറങ്ങിയിട്ട്. നല്ല രീതിയില്‍ തന്നെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.” ശ്രീജ സാക്ഷ്യപ്പെടുത്തുന്നു.

ചിലവിനാവശ്യമായ തുക ബാങ്ക് മുഖേന ലോണെടുത്തായിരുന്നു അനുപമയിലെ സാരഥികള്‍ കൃഷിയിലേക്കിറങ്ങുന്നത്. നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും അഞ്ചു ലക്ഷം രൂപയാണ് ഇവരുടെ ലാഭം. ഗ്രൂപ്പംഗങ്ങള്‍ തന്നെ തോട്ടത്തിലെ പണിയും നിര്‍വ്വഹിക്കുന്നതിനാല്‍ പണിക്കൂലി പുറമേ കൊടുക്കേണ്ട ആവശ്യവും ഇവര്‍ക്ക് വരുന്നില്ല.

കൃഷി ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ നല്ല ചിലവുണ്ടായിരുന്നുവെന്നും ആദ്യ വര്‍ഷം ഒന്നരലക്ഷം രൂപ മുതല്‍ മുടക്കിയാണ് കൃഷി ആരംഭിച്ചതെന്നും യൂണിറ്റംഗം സിന്ധു ഡൂള്‍ ന്യൂസിനോട് പറഞ്ഞു. തുടക്കത്തില്‍ ഒന്നര ലക്ഷം മുതല്‍ മുടക്കിയ ഇവര്‍ നായ്ക്കുരണ കൃഷിയില്‍ വിശ്വാസമര്‍പ്പിച്ചതോടെ 2013 ല്‍ രണ്ടര ലക്ഷവും 2014 ല്‍ മൂന്നര ലക്ഷവും ഇറക്കി കൃഷി ചെയ്യുകയായിരുന്നു.

“തുടക്കത്തില്‍ ഞങ്ങള്‍ക്ക് നല്ല ചിലവുണ്ടായിരുന്നു. സ്ഥലം പാട്ടത്തിനെടുത്തതാണ്. ജെ.സി.ബി ഉപയോഗിച്ച് സ്ഥലമൊരുക്കിയാണ് കൃഷി ഇവിടെ തുടങ്ങുന്നത്.” സിന്ധു പറഞ്ഞു.

കൃഷിക്കിടയില്‍ വരുമാനമൊന്നും ലഭിക്കില്ലെങ്കിലും വിളവിന്റെ വിപണനം കഴിയുന്നതോടെ കൃഷി ലാഭത്തിലാകുമെന്നും അംഗങ്ങള്‍ ഉറപ്പ് പറയുന്നു. മിക്ക ദിവസങ്ങളിലും കൃഷിയിടത്തില്‍ തന്നെ ഉണ്ടാകേണ്ടതുണ്ടെന്നും വിളവിന്റെ വളര്‍ച്ചയും മറ്റും നോക്കി വളമിടേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

കൃഷിക്കാവശ്യമായ പണം കണ്ടെത്താന്‍ ബാങ്കിന്റെ സഹായം തേടാറുണ്ടെന്നും ഈ കൃഷിയെ പൂര്‍ണ്ണമായും വിശ്വസിക്കാമെന്നുമാണ് അനുപമയിലെ ഈ മാതൃകാ തൊഴിലാളികള്‍ പറയുന്നത്. “ഇപ്പോള്‍ കനറാ ബാങ്കില്‍ നിന്ന് കാര്‍ഷിക ലോണ്‍ എടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തെ കാലവധിയിലാണ് എടുത്തിട്ടുള്ളത്. വിളവില്‍ നിന്ന് പണം ലഭിക്കുമ്പോള്‍ പലിശയടക്കം അടച്ചാല്‍ മതി” സിന്ധു പറഞ്ഞു.

ലോണടക്കാനുള്ള തുക കൃഷിയില്‍ നിന്നു ലഭിക്കാറുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ ഈ കൃഷി തുടരുന്നതെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. നവംബറില്‍ കായ്ച്ചു തുടങ്ങുന്ന വിളകള്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ് നടത്തുന്നത്. അതിരാവിലെയും വൈകീട്ടുമാണ് നായ്ക്കുരണയുടെ വിളവെടുക്കുക.

“പുലര്‍ച്ചെ നാലുമുതല്‍ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതല്‍ പന്ത്രണ്ടു വരെയുമാണ് കായകള്‍ പറിച്ചെടുക്കുന്നത്. വായുവിലെ ഈര്‍പ്പം കാരണം കായകള്‍ പറിക്കുമ്പോള്‍ രോമങ്ങള്‍ പാറി ചൊറിച്ചില്‍ ഒഴിവാക്കാനാണിത്.” സിന്ധു പറഞ്ഞു.

മഴക്കോട്ടും കയ്യുറകളും ധരിച്ചാണ് കായ്കള്‍ പറിച്ചെടുക്കുന്നത്. പരിപ്പിന് വിപണിയില്‍ കിലോയ്ക്ക് 300 മുതല്‍ 400 രൂപവരെയാണ് വില ലഭിക്കുന്നത്. തൊലിപ്പുറത്തെ പൊടി നായ്ക്കുരണക്ക് കിലോയ്ക്ക് 7500 രൂപവരെ ലഭിക്കും. മലപ്പുറത്തെ കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്കാണ് ഇത് നല്‍കുന്നത്. ഇത്തരത്തിലുള്ള പൊടി വര്‍ഷത്തില്‍ 20 കിലോ മാത്രമാണു ചിലവാകുന്നത്. അതുകൊണ്ട് തന്നെ അതിനു ആനുപാതികമായേ കൃഷി ചെയ്യാറുമുള്ളൂ.

കുടുംബശ്രീ പ്രവര്‍ത്തകരുടെ ഈ വിജയ കൂട്ടായ്മ അവരുടെ കുടുംബങ്ങളുടെ വരുമാന മാര്‍ഗമായി മാറിയിട്ടുണ്ടെന്ന് പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ മോഹനനനും പറയുന്നു. കുടുംബശ്രീ മുഖാന്തിരമുള്ള പദ്ധതിയായതിനാല്‍ ഇവര്‍ക്ക് സബ്‌സിഡി ലഭിക്കാറുണ്ടെന്നും പദ്ധതി വിജയകരമായി തന്നെ മുന്നോട്ട് പോവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ 700 മുതല്‍ 900 വരെ തൈകളാണ് ഇവര്‍ നടുന്നത്. നടുമ്പോള്‍ ഓരോ തടത്തിലും രണ്ടുകിലോ വീതം ചാണകപ്പൊടി ചേര്‍ക്കും. തളിരിലെ കീടബാധ തടയാന്‍ വേപ്പെണ്ണെയും തളിക്കും.

ജോയ് എന്ന മില്ലുടമയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് നാലു വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇവര്‍ കൃഷിയിലേക്കിറങ്ങിയത്. തങ്ങള്‍ക്ക് വിത്ത് നല്‍കുകയും കൃഷിചെയ്യേണ്ട രീതിയെക്കുറിച്ചുള്ള പരിശീലനങ്ങളുമെല്ലാം നല്‍കി സഹായിച്ചതും ജോയ് ആണെന്നാണ് ഇവര്‍ പറയുന്നത്.

കണ്ണൂരിലെ ഉളിക്കലിനടുത്ത വയത്തൂരിലെ കുരിക്കലാം കാട്ടില്‍ ജോയി ജില്ലയില്‍ ആദ്യമായി നായ്ക്കുരണ കൃഷി പരീക്ഷിച്ച കര്‍ഷകരിലൊരാളാണ്. ഇദ്ദേഹത്തിന്റെ കൃഷി രീതിയെക്കുറിച്ച് കഴിഞ്ഞവര്‍ഷം മാതൃഭൂമി ദിനപത്രത്തില്‍ ലേഖനവും വന്നിരുന്നു.

അനുപമ കുടുംബശ്രീ അംഗങ്ങള്‍ക്ക് വിത്ത് നല്‍കാന്‍ ജോയി ഉണ്ടായിരുന്നെങ്കില്‍ ജോയിയുടെ കൃഷി രീതി തികച്ചും വ്യത്യസ്തമായിരുന്നു. തന്റെ സുഹൃത്തിനൊപ്പം കാട്ടില്‍ക്കയറി നേരിട്ട് വിത്ത് ശേഖരിച്ചായിരുന്നു ഇയാള്‍ കൃഷി ആരംഭിച്ചത്.

ഇരിക്കൂറിനടുത്തുള്ള പടിയൂര്‍ കാടുകളില്‍ രണ്ടാഴ്ചയോളം അന്വേഷിച്ചായിരുന്നു ഇയാള്‍ വിത്തുകള്‍ ശേഖരിച്ചത്. കൃഷി ആരംഭിക്കുന്നതിനു മുമ്പ് പരിയാരം ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോ. പത്മനാഭനെ സമീപിച്ച് ഇതിന്റെ ഗുണങ്ങളെക്കുറിച്ചും വിപണന സാധ്യതകളെക്കുറിച്ചും ജോയി മനസിലാക്കിയിരുന്നു. പാരമ്പര്യ ആയുര്‍വേദ വൈദ്യനായ വെളിമാനം കൃഷ്ണന്‍കുട്ടി വൈദ്യരില്‍ നിന്നും കൃഷി രീതിയും ബീന്‍സില്‍ നിന്ന് പരിപ്പ് വേര്‍തിരിക്കുന്ന രീതിയും സ്വായത്തമാക്കിയ ജോയി കൃഷി ആരംഭിക്കുകയായിരുന്നു.

സോയാബീന്‍ പയറിന്റെ മറ്റൊരു രൂപമാണ് നായ്ക്കുരണ. പന്തലില്‍ പടര്‍ന്നുകയറി വിളയുന്ന വള്ളിച്ചെടിയായാണ് ഇത് വിളയുന്നത്. നായ്ക്കുരണ വള്ളി പടര്‍ന്ന് പന്തലില്‍ കയറിയാല്‍ പിന്നീട് ആറ് മാസത്തെ വളര്‍ച്ചയില്‍ പുഷ്പിച്ച് കായയുണ്ടാകും. ഒരു കുലയില്‍ അറുപത് മുതല്‍ നൂറ് വരെ പൂവ് കാണുമെങ്കിലും അത് മുഴുവനും കായ ആവാറില്ല. നീല കലര്‍ന്ന നിറമാണ് പൂവിനുണ്ടാവാറ്. ഇലകള്‍ക്ക് മൂന്ന് ഇതളുകളാണ് ഉള്ളത്. പൂങ്കുലയ്ക്ക് 30 സെന്റീമീറ്റര്‍ നീളമുണ്ടാകും. 8-12 സെന്റീമീറ്ററാണ് കായയുടെ നീളം. ഒന്നര സെ.മി. വീതിയുള്ള കവചമായി നിറയെ രോമങ്ങളുമുണ്ടാകും. ഒരു കായയില്‍ 5-6 വിത്തുകളാണുണ്ടാവുക.

സോയാബീന്‍ പയറിന്റെ കൃഷി രീതി തന്നെയാണ് ഇതിനും. വിത്ത് നട്ട് നാല് ദിവസങ്ങള്‍ക്കകം ഇത് മുളച്ചു പൊന്തും. തികച്ചും ജൈവരീതിയിലുള്ള പരിചരണമാകും പിന്നീട് കൃഷിയിടത്തില്‍ നടപ്പിലാക്കുക. പാവലിന്റേതുപോലെ തടമെടുത്താണ് കൃഷി ചെയ്യുക. വള്ളികളെ പടര്‍ത്തിവിടാന്‍ പന്തലുകെട്ടും. ഒരു തടത്തില്‍ അഞ്ചു വിത്തെന്ന രീതിയിലാണ് ഇടുക. ആറുമാസത്തിനകം ചെടി പൂവിടും. ഒരു കുലയില്‍ 100 പൂവുവരെ കാണും. നാലുമാസക്കാലം കൊണ്ടാണ് കായ പാകമാകുക. കുല പഴുത്ത് പൊട്ടിത്തെറിക്കും മുമ്പേ വിളവെടുക്കണം. ചെടിയുടെ ആയുസ് ശരാശരി ഒരു വര്‍ഷമാണ്. തുടര്‍ച്ചയായി നനയ്ക്കുകയാണെങ്കില്‍ രണ്ടുവര്‍ഷം വരെ നില്‍ക്കാം.

പറിച്ചുകൂട്ടിയ കായകള്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി മൂന്ന്-നാല് ദിവസം ഉണക്കിയെടുക്കും.

ഇന്ത്യയിലുടനീളം കണ്ടു വരുന്നതും പയര്‍ വര്‍ഗ്ഗത്തില്‍ പെടുന്നതുമായ വിളയാണ് നായ്ക്കുരണ. ഫാബെലസ് കുടുംബക്കാരനായ ഇതിന്റെ ശാസ്ത്രനാമം മ്യുകാന പ്യുറിയന്‍സ് എന്നാണ്. ആയുര്‍വേദത്തില്‍ മികച്ച വാജീകരണ ഔഷധമായാണ് നായ്ക്കുരണ അറിയപ്പെടുന്നത്.

നായ്ക്കുരണയുടെ ഔഷധഗുണം

ചൊറിയന്‍ കായയെന്നു പറഞ്ഞ് എല്ലാവരും തൊടിയില്‍ നിന്നും പറിച്ചുകളയുന്ന നായ്ക്കുരണയുടെ ഔഷധ ഗുണം പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. ആയുര്‍വേദഗ്രന്ഥങ്ങളിലും ചരകസംഹിതകളിലും മര്‍ക്കടി, കുലക്ഷയാ എന്നീ പേരുകളിലറിയപ്പെടുന്ന നായ്ക്കുരണയുടെ പരിപ്പും പൊടിയും മികച്ച ഔഷധങ്ങളാണ്. 25.03 ശതമാനം പ്രോട്ടീനും 6.75 ഖനികങ്ങളും, 3.95 ശതമാനം കാത്സ്യവും, 0.02 ശതമാനം സള്‍ഫറും അത്രയും തന്നെ മാംഗനീസും അടങ്ങിയ പരിപ്പില്‍ ലെസിഥിന്‍, ഗാലിക് അമ്ലം, ഗ്ലൂട്ടിത്തിയോണ്‍, അലനിന്‍ സൈഹൈഡ്രോക്സിഫിനെല്‍, ഗ്ലൂക്കോസൈഡ് എന്നിങ്ങനെ രാസപദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഇവയൊക്കെത്തന്നെയും നായ്ക്കുരണയുടെ വേരിലും അടങ്ങിയിക്കുന്നു. വേര്, വിത്ത്, ഫലരോമം എന്നിവയാണ് ആയുര്‍വേദത്തില്‍ ഔഷധമായി പരാമര്‍ശിക്കുന്നത്.

ഹെര്‍ബല്‍ വയാഗ്രയെന്നാണ് നായക്കുരണയുടെ മറുപേര്. ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന ഔഷധമെന്ന നിലയിലായാണ് ഈ പേരുവന്നത്. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശി തളര്‍ച്ച, ഉദരരോഗങ്ങള്‍, മാറാത്ത വ്രണങ്ങള്‍, വിരശല്യം, ക്ഷയം തുടങ്ങിയവയ്ക്കുള്ള ആയുര്‍വേദ ഔഷധചേരുവകളില്‍ നായ്ക്കുരണ പ്രധാനിയാണ്.

ലൈംഗിക ഉത്തേജനത്തിനെന്ന പോലെ പാര്‍ക്കിന്‍സണ്‍ രോഗത്തിനും, ഉറക്കകുറവിനും ഇത് ഉത്തമമാണെന്ന് പറയപ്പെടുന്നു. ബ്രഹ്മി പോലെ ഓര്‍മക്കുറവ് പരിഹരിക്കാനും ഇത് ഉപയോഗിച്ചുവരുന്നു. നല്ല ഏകാഗ്രത പ്രദാനം ചെയ്യാനും നായ്ക്കുരണയ്ക്ക് കഴിയുമെന്നാണ് വിശ്വാസം രക്തചമ്രണത്തിന്റെ പ്രവേഗം വര്‍ദ്ധിപ്പിച്ച് ഞരമ്പുകളെ ബലവത്താക്കാനും ഇതിന് കഴിയുമെന്ന് ആയുര്‍വേദം പറയുന്നത്.

We use cookies to give you the best possible experience. Learn more