| Tuesday, 3rd December 2024, 3:53 pm

കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന് നേരെ കൊടും ക്രൂരത. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു.  മറ്റ് ആയമാർ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവേൽപ്പിച്ച വിവരം അറിഞ്ഞത്.

അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മൂന്ന് ആയമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്.

പോക്‌സോ കേസ് ചുമത്തിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എൻ. അരുൺ ഗോപി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച വിവരം മറച്ചുവെച്ചതിനുമാണ് ആയമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിവരം പുറത്തറിഞ്ഞതോടെ കുഞ്ഞിന് വൈദ്യസഹായം നല്‍കി. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച് തൈക്കാട് ആശുപത്രിയിലും പൊലീസിലും പരാതി ലഭിക്കുന്നത്.

മൂന്ന് ആയമാര്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു.

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു രീതിയിലുമുള്ള വിട്ടുവീഴ്ചയില്ലെന്നും അതുകൊണ്ടാണ് നിയമനടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ ആരോഗ്യനില തൃപ്തികരമാണെന്നും അരുണ്‍ ഗോപി അറിയിച്ചു.

അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേര്‍ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: three women arrested for assault on child at trivandrum Child Welfare Committee

We use cookies to give you the best possible experience. Learn more