ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ മൂന്ന് വനിതകളും; ചരിത്രത്തിലാദ്യം
Sports News
ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ മൂന്ന് വനിതകളും; ചരിത്രത്തിലാദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th November 2022, 2:39 pm

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട റഫറിമാരില്‍ മൂന്ന് വനിതകള്‍. ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയിലാണ് മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപാര്‍ട്ടെ, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരെയാണ് ഫിഫ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകളെ ലോകകപ്പ് പോലുള്ള ഒരു ഇവന്റില്‍ ഫിഫ റഫറിയിങ് ടീമിന്റെ ഭാഗമാകുന്നത്.

69 പേരുടെ അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ നിന്നുള്ള നുസ ബക്ക്, മെക്സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ് മദീന, യു.എസില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റ് എന്നിവരാണ് ഈ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്.

റഫറിമാരായി തെരഞ്ഞടുക്കപ്പെട്ട മൂന്ന് പേരും ഇതിന് മുമ്പ് പുരുഷന്മാരുടെ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ളവരാണ്. ജപ്പാനിലെ പുരുഷ ലീഗിലും കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സിലും യമഷിത റഫറിയായിരുന്നു.

ഫ്രാപ്പാര്‍ട്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ചാമ്പ്യന്‍സ് ലീഗിലും റഫറിയായിട്ടുണ്ട്. 2019ലെ വനിതാ ലോകകപ്പ് ഫൈനലും ഇവരായിരുന്നു നിയന്ത്രിച്ചിരുന്നത്.

ഈ വര്‍ഷമാദ്യം നടന്ന ആഫ്രിക്കന്‍ നേഷന്‍ കപ്പ് നിയന്ത്രിച്ച ആദ്യ വനിതയായിരുന്നു സലിമ മുകന്‍സംഗ. ഖത്തറില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്.

Content Highlight:  Three women are among the referees chosen to manage the matches in the World Cup in Qatar