| Monday, 16th July 2018, 9:54 pm

ട്രക്കില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചുവെന്ന് ആരോപണം: ആദിവാസി യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജബല്‍പൂര്‍: ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ട്രക്ക് ഉടമ തൊഴിലാളികളെ നഗ്നരാക്കി മര്‍ദ്ദിച്ചെന്ന് പരാതി. ആദിവാസി വിഭാഗത്തില്‍പ്പെട്ട മൂന്നുപേരെയാണ് 120 ലിറ്റര്‍ ഡീസല്‍ ട്രക്കില്‍ നിന്നും മോഷ്ടിച്ചെന്നാരോപിച്ച് ഉടമയും സഹായിയും ചേര്‍ന്ന് ഉപദ്രവിച്ചത്. നിര്‍ബന്ധിച്ച് വസ്ത്രമുരിഞ്ഞ ശേഷം തല്ലിച്ചതയ്ക്കുകയായിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.

ജൂലായ് 11നാണ് സംഭവമുണ്ടായതെന്ന് പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം പുറം ലോകമറിയുന്നത്. വിഷയം ചര്‍ച്ചയായതോടെ പൊലീസ് കേസെടുക്കുകയും ട്രക്ക് ഉടമസ്ഥനായ ഗുഡ്ഡു ശര്‍മയെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന ജാതിയില്‍ പെട്ട ഗുഡ്ഡു ശര്‍മ ആദിവാസി വിഭാഗത്തില്‍പ്പെട്ട മൂന്നുപേരെ തന്റെ ഉടമസ്ഥതയിലുള്ള ട്രക്കുകളില്‍ ക്ലീനര്‍മാരായും ഡ്രൈവര്‍മാരായും നിയമിച്ചിരുന്നുവെന്ന് സഞ്ജീവനി നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഭുണേശ്വരി ചൗഹാന്‍ പറയുന്നു. ഇവര്‍ മൂന്നു പേരും ചേര്‍ന്ന് ട്രക്കില്‍ നിന്നും 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയും സുഹൃത്തായ ഷേരുവിന്റെ സഹായത്തോടെ അപമാനിക്കുകയുമായിരുന്നു.


Also Read: നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടെ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്


മൂവരെയും നിര്‍ബന്ധിച്ച് വസ്ത്രമഴിപ്പിച്ച ശേഷം അടച്ചിട്ട കടയുടെ ഷട്ടറിനഭിമുഖമായി നിരത്തി നിര്‍ത്തുകയായിരുന്നു. ശേഷം ശര്‍മയും ഷേരുവും ചേര്‍ന്ന് ബേസ്‌ബോള്‍ ബാറ്റും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് മര്‍ദ്ദിച്ചവശരാക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മര്‍ദ്ദനത്തിനിരയായ മൂന്നുപേരും ആദിവാസി ഭൂരിപക്ഷ ജില്ലയായ മണ്ഡ്‌ലയില്‍ നിന്നുള്ളവരാണ്. സുരേഷ് ഗോണ്ഡ്, ആശിഷ് ഗോണ്ഡ്, ഗോലു ഗോണ്ഡ് എന്നിവരാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ഇവരെ വൈദ്യ പരിശോധനയ്ക്കു ശേഷം പറഞ്ഞയച്ചു. ട്രക്ക് ഉടമയ്ക്കും സഹായിക്കുമെതിരെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more