കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിലായതായി റിപ്പോർട്ട്
Kerala News
കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിലായതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st December 2023, 4:50 pm

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചന. സംഭവുമായി നേരിട്ട് ബന്ധമുള്ള രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തമിഴ്നാട് തെങ്കാശിയിലെ പുളിയര ബോർഡറിന്റെ സമീപ പ്രദേശത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായിട്ടുള്ളതെന്നാണ് സൂചന.

പ്രതികൾ ഒരേ കുടുംബത്തിൽ ഉൾപെടുന്നവരാണെന്നും കൊല്ലം ചാത്തന്നൂർ സ്വദേശികൾ ആണെന്നും സംശയമുണ്ട്. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അന്വേഷണത്തിൽ പുരോഗതിയുണ്ടാവുന്നത്.

നവംബര്‍ 27ന് വൈകീട്ട് 4.30ന് സഹോദരനോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിക്കായിരുന്നു മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം കാറില്‍ എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ആശ്രാമം മൈതാനത്ത് വെച്ച് കുട്ടിയെ കണ്ടവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Content Highlight:  Three suspects have been taken into custody in the kidnapping of the child: Report