ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ മൂന്ന് പേര്‍ പിടിയില്‍. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരും സര്‍ക്കാര്‍ വിരുദ്ധ സമര പ്രസ്ഥാനത്തിലെ അംഗങ്ങളാണെന്ന് ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളെ 12 ദിവസത്തേക്ക് തടവില്‍ പാര്‍പ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇസ്രഈല്‍ പൊലീസിന്റെ ലഹാവ് 433 മേജര്‍ ക്രൈം യൂണിറ്റും ഷിന്‍ ബെറ്റും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെയാണ് (ശനിയാഴ്ച്ച) ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഫ്ളാഷ് ബോംബ് ആക്രമണം നടന്നത്. സിസറിയയിലുള്ള നെതന്യാഹുവിന്റെ വേനല്‍ക്കാല വസതിക്ക് നേരെയാണ് രണ്ട് ഫ്ളാഷ് ബോംബുകള്‍ പതിച്ചത്.
എന്നാല് ബോംബുകള്‍ ഗാര്‍ഡന്‍ ഏരിയയില്‍ പതിച്ചതിനാല്‍ ആക്രമണത്തില്‍ നാശനഷ്ടടങ്ങള്‍ ഒന്നും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ബോംബുകള്‍ പതിക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. ആക്രമണത്തിന്റെ വീഡിയോ കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.
ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്സ് പറഞ്ഞിരുന്നു. ഇറാനും അതിന്റെ പ്രോക്സി ഗ്രൂപ്പുകളും എല്ലാ സീമകളും ലംഘിച്ചെന്നും ഈ വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തുമെന്നും കാറ്റ്സ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ മാസവും സമാനമായി നെതന്യാഹുവിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ വഴിയാണ് ആക്രമണം നടത്തിയത്. പൊട്ടിത്തെറിയില്‍ വസതിയുടെ ജനല്‍ച്ചില്ലുകള്‍ അടക്കം തകര്‍ന്നിരുന്നു. എന്നാല്‍ അന്നും നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീടിന് നേരെയുണ്ടായ ആക്രമണത്തെതുടര്‍ന്ന് മകന്‍ അവ്‌നേറിന്റെ വിവാഹം നെതന്യാഹു മാറ്റിവെച്ചിരുന്നു. അവ്നേറിന്റെ വിവാഹം നവംബര്‍ 26ന് ടെല്‍ അവീവിന്റെ വടക്കുള്ള ഷാരോണ്‍ മേഖലയിലെ റോണിറ്റ് ഫാമില്‍ വെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിവാഹം നടത്തിയാല്‍ അത് പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ ജീവനുള്‍പ്പെടെ ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹം മാറ്റിയത്.
Content Highlight: Three suspects detained over flash bomb attack on Netanyahu’s house