| Sunday, 4th December 2022, 10:07 am

എസ്.എഫ്.ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍; കോളേജ് അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ:  എസ്.എഫ്.ഐ  വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പൊളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ റിമാന്‍ഡില്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിബില്‍, അതുല്‍ കെ.ഡി, കിരണ്‍ രാജ് എന്നിവരെയാണ് റിമാന്‍ഡിലായിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ എ.ബി. വിപിനെ മര്‍ദ്ദിച്ച കേസില്‍ അലന്‍ ആന്റണി എന്ന വിദ്യാര്‍ത്ഥിയെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ അപര്‍ണക്ക് നേരെ വെള്ളിയാഴ്ചയായിരുന്നു ആക്രമണമുണ്ടായത്. യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അപര്‍ണ മേപ്പാടി വിംസ് കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. തലക്കും നെഞ്ചിനും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്.

മുപ്പതോളം വരുന്ന പുരുഷന്മാരുടെ സംഘമാണ് അപര്‍ണയെ ആക്രമിച്ചത്. അപര്‍ണയെ രക്ഷിക്കാനെത്തിയ ശരത്, വിഷ്ണു എന്നീ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു.

യു.ഡി.എസ്.എഫും ട്രാബിയോക്ക് എന്ന മയക്കുമരുന്ന് സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും അപര്‍ണയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നുമാണ് എസ്.എഫ്.ഐയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയക്കുമരുന്നിനെതിരെ എസ്.എഫ്.ഐ പ്രചാരണം നടത്തിയിരുന്നെന്നും, ഇതാണ് മയക്കുമരുന്ന് സംഘത്തിനും ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യു.ഡി.എസ്.എഫിനെയും പ്രകോപിച്ചതെന്നുമാണ് എസ്.എഫ്.ഐയുടെ ആരോപണം.

അതേസമയം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോളേജ് അടച്ചിട്ടിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവമടക്കം കണ്ടാലറിയുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

Content Highlight: Three students of Meppadi Poly Technic college arrested in SFI Wayanad DC executuve Aparna Gowri attack case

We use cookies to give you the best possible experience. Learn more