ബങ്കളൂരു: സെല്‍ഫി എടുക്കുന്നതിനിടെ കര്‍ണാടക ഹുളിവാന വില്ലേജിലെ ഇറിഗേഷന്‍ കനാലില്‍ വീണ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് വെള്ളിയാഴ്ച കനാലില്‍ മരിച്ചത്.
രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് മാണ്ഡ്യ ജില്ലാ പോലിസ് പറഞ്ഞു. ശ്രുതി, ജീവന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുവരും ബങ്കളൂരു സ്വദേശികളാണ്. അപകടത്തില്‍ പെട്ട തുംകൂര്‍ സ്വദേശിയായ ഗിരീഷ് എന്ന വിദ്യാര്‍ത്ഥിയുടെ മൃദദേഹമാണ് കണ്ടെത്താനുള്ളത്. മൂന്ന് പേര്‍ക്കും 24 വയസാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലോകേഷ് പറഞ്ഞു.
മരിച്ച മൂന്നു വിദ്യാര്‍ത്ഥികളോടൊപ്പം സിന്ധു, ഗൗതം പാട്ടേല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ കൂടെ കനാല്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. അഞ്ചുപേരും സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു. തുടര്‍ന്ന് ഇവര്‍ 20 അടി താഴ്ചയിലേക്ക് വീണു. പട്ടേലിനെയും സിന്ദുവിനെയും ലോക്കല്‍ പോലിസിന് രക്ഷിക്കാന്‍ കഴിഞ്ഞു. പക്ഷേ, ജീവനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ കെറഗോഡു പ്രാഥമീകാരോഗ്യകേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച കനാലില്‍ കുളിക്കുന്നതു കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവര്‍ തിരിച്ചുപോയതായും നാട്ടുകാര്‍ പറയുന്നു. പക്ഷേ, വെള്ളിയാഴ്ച വീണ്ടും വരികയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.