രാഹുല്‍ ഗാന്ധി കെ.ഇ, രാഘുല്‍ ഗാന്ധി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തി മൂന്ന് അപരന്മാര്‍
D' Election 2019
രാഹുല്‍ ഗാന്ധി കെ.ഇ, രാഘുല്‍ ഗാന്ധി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തി മൂന്ന് അപരന്മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th April 2019, 7:42 am
കല്‍പ്പറ്റ: കോണ്‍ഗ്രസിന്റെ ദേശിയ അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തി മൂന്ന് അപരന്‍മാരും രംഗത്ത്. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അഖിലേന്ത്യാ മക്കള്‍ കഴകത്തിന്റെ സ്ഥാനാര്‍ത്ഥിയായി തമിഴ്‌നാട് സ്വദേശി രാഘുല്‍ ഗാന്ധിയുമാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോട്ടയം എരുമേലി സ്വദേശി രാഹുല്‍ ഗാന്ധി കെ ഇ, കെ.എം ശിവപ്രസാദ് ഗാന്ധി, അഖില ഇന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ത്ഥിയായി തമിഴ്‌നാട് സ്വദേശി രാഘുല്‍ ഗാന്ധി കെ എന്നിവരാണ് അപരന്മാരായി പത്രിക നല്‍കിയിരിക്കുന്നത്.
അവസാന ദിവസമായ ഇന്നലെയാണ് മുന്നുപേരും പത്രിക നല്‍കിയത്. സൂക്ഷ്മ പരിശോധനയില്‍ അപരന്‍മാരുടെ പത്രിക നിലനിന്നാല്‍ വയനാട്ടില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന് അത് വെല്ലുവിളിയാകും.
 
രാഹുല്‍ഗാന്ധി ഇന്നലെ രാവിലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്.
രാഹുല്‍ ഗാന്ധിക്ക് അഞ്ചു കോടി എണ്‍പത് ലക്ഷത്തി അമ്പത്തി എട്ടായിത്തി എഴുന്നൂറ്റിതൊണ്ണൂറ്റിയഞ്ച് രൂപയുടെ സമ്പാദ്യമുണ്ടെന്നാണ് നാമനിര്‍ദേശ പത്രികയില്‍ പറയുന്നത്. അഞ്ച് കേസുകളും രാഹുലിന്റെ പേരിലുണ്ട്. നാല്‍പതിനായിരം രൂപയാണ് കയ്യിലുള്ളത്. പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് രൂപയാണ് ബാങ്ക് ബാലന്‍സ്.
 
എഴുപത്തി രണ്ടു ലക്ഷം രൂപയുടെ ബാധ്യതകള്‍ ഉണ്ടെന്നും പത്രികയില്‍ പറയുന്നു. പരമ്പരാഗതമായി ലഭിച്ച 2.346 ഏക്കര്‍ ഭൂമി പ്രിയങ്കയുടെയും രാഹുലിന്റെയും പേരിലുണ്ട്. 2014 ല്‍ വിലകൊടുത്തുവാങ്ങിയ 5838 സ്‌ക്വയര്‍ ഫീറ്റു വരുന്ന ഓഫീസ് കെട്ടിടവും രാഹുലിന്റെ പേരിലുണ്ട്. ട്രിനിറ്റി കോളേജില്‍ നിന്നും നേടിയ എംഫിലാണ് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത.